

സെപ്റ്റംബര്‍ 14നാണ് ഗണേശ ചതുര്‍ത്ഥി.
മുംബൈ: നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗണേശോത്സവ പന്തലുകളിലൊന്നായ കിംഗ്‌സ് സര്‍ക്കിളിലെ ജിഎസ്ബി സേവാ മണ്ഡലിന്റെ മഹാഗണപതിയെ സെപ്റ്റംബര്‍ 12ന് ഭക്തര്‍ക്കായി ദര്‍ശനത്തിന് തുറന്നുകൊടുക്കും. സെപ്റ്റംബര്‍ 14നാണ് ഗണേശ ചതുര്‍ത്ഥി.
66 കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങളും 335 കിലോഗ്രാമിലധികം വെള്ളിയും വിലപിടിപ്പുള്ള രത്‌നങ്ങളും ഉപയോഗിച്ചാണ് മഹാഗണപതിയെ അലങ്കരിക്കുന്നത്. ഗണേശോത്സവത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തരാണ് മണ്ഡലിലെത്തുന്നത്.
ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷയ്ക്കായി 703.27 കോടിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മണ്ഡല്‍ എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 474 കോടിയായിരുന്നു ഇന്‍ഷുറന്‍സ് പരിരക്ഷ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഏകദേശം 50 ശതമാനം വര്‍ധനവാണുള്ളത്.
പന്തലിനും ഭക്തര്‍ക്കും അവരുടെ സാധനങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഗണപതിയുടെ ആഭരണങ്ങള്‍ക്കും ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുമെന്ന് മണ്ഡല്‍ വക്താവ് പ്രജ്വല്‍ കാമത്ത് അറിയിച്ചു.
ഇത്തവണ കിംഗ്‌സ് സര്‍ക്കിള്‍ മണ്ഡല്‍ 72-ാം വര്‍ഷമാണ് ഗണേശോത്സവം ആഘോഷിക്കുന്നത്.