
താനെ: ഉല്ലാസ് ആർട്സ് ആന്‍റ് വെൽഫെയർ അസോസിയേഷൻ സെപ്റ്റംബർ 29 ന് അസോസിയേഷൻ ഹാളിൽ നിറഞ്ഞ സദസിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്തി. കേരളീയ കേന്ദ്ര സംഘടനയുടെ ജനറൽ സെക്രട്ടറിയും മുൻ ലോക കേരള സഭ അംഗവും സാമൂഹ്യപ്രവർത്തകനുമായ മാത്യു തോമസും ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനും അംബർനാഥ് കേരള സമാജം സെക്രട്ടറിയുമായ ടി.വി.രതീഷും മുഖ്യാതിഥികളുമായിരുന്നു.
"അടിസ്ഥാനപരമായി മലയാളികൾ ജാതി, മതം, രാഷ്ട്രീയം എന്നിവകൾക്കെല്ലാം അധീതരാണ്. അതിന് ഉദാഹരണമാണ് കാലാകാലങ്ങളായിട്ടുള്ള ഓണാഘോഷം. - മാവേലി നാടുവാണീടും കാലം, മനുഷ്യരെല്ലാരുമൊന്നു പോലെ - എന്ന വലിയ തത്വം മലയാളികൾ ഉൾക്കൊള്ളുന്നത്. ഇതൊരു വലിയ സന്ദേശമാണ്. ഇത്രയും വലിയൊരു സന്ദേശം ഇന്ത്യയിൽ ഒരു സമൂഹത്തിനും നൽകാൻ സാധിച്ചിട്ടില്ല. ലോകം ഈ തത്വം മാതൃക ആക്കേണ്ടതാണ്.
നമുക്ക് ജാതിയും മതവും വർഗവും രാഷ്ട്രീയവും എല്ലാമുണ്ട്, എന്നാൽ കൂടി നമ്മൾ ലോകത്തിന്‍റെ ഏത് ഭാഗത്തായാലും ഓണം ഒന്നിച്ചാഘോഷിക്കും. അതാണ് നമ്മുടെ സ്വത്വം. എന്നാൽ ഇന്ന് അതൊക്കെ മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. നമുക്കിടയിൽ ജാതിയും മതവും രാഷ്ട്രീയവും എല്ലാം കടന്നുവരുന്നത് ഒരു പ്രത്യേക രീതിയിലാണെന്ന് തോന്നുന്നു.
അതൊക്കെ ഒരു അപകടാവസ്ഥയിലേക്ക് മലയാളി സമൂഹത്തെ കൊണ്ടെത്തിക്കുമോ എന്ന ഒരു ആശങ്കയും എനിക്ക് ഇല്ലാതില്ല. അതിനൊക്കെ ഉപരിയായി നാം ഒന്ന് ചിന്തിക്കേണ്ടതുണ്ട് എന്തൊക്കെയായാലും നമ്മൾ പ്രവാസികൾ തന്നെയാണ്. അതുകൊണ്ട് ഒരു ഭാഷാന്യൂനപക്ഷം എന്ന നിലയിൽ ഓണം ആഘോഷിക്കുമ്പോൾ ഏതൊരു പ്രവാസിക്കും കടന്നു വരാൻ കഴിയുന്ന മലയാളി സമാജങ്ങളിൽ തന്നെ ആഘോഷിക്കാൻ നാം ഏവരും ശ്രദ്ധിക്കേണ്ടതാണെന്ന് മാത്യു തോമസ് തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.
അസോസിയേഷൻ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ്കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻ സി നായർ സ്വാഗതവും വൈസ് പ്രസിഡന്‍റ് ആർ ബി കുറുപ്പ് നന്ദിയും പറഞ്ഞു. ട്രഷർ ബാബു മേനോൻ, പ്രോഗ്രാം കൺവീനർ രാഹുൽ നായർ, അഡ്വൈസറി ബോർഡ് ചെയർമാൻ വി കെ ദയാനന്ദൻ , ഇന്‍റെ ർണൽ ഓഡിറ്റർ രവിന്ദ്രൻ ജി , ലേഡീസ് വിങ്ങ് ചെയർപേഴ്സൺ ജയശ്രീ നായർ എന്നിവർ സംസാരിച്ചു. എസ് എസ് സി, എച്ച് എസ് സി (2022-2024) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ഓണാഘോഷപരിപാടിയിൽ ഉല്ലാസ് നഗറിലെ വിവിധ സംഘടനകളുടെ പ്രതിനിധികളെ ആദരിക്കുകയും ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് ഉല്ലാസ്നഗറിലെ നൂറിൽപരം കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധതരം കലാപരിപാടികളും ചെണ്ട മേളം, ലളിതഗാനം, സിനിമഗാനം, നാടക ഗാനം, നാടൻപാട്ട് വിവിധ തരം ഡാൻസുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും കൈകൊട്ടിക്കളി, സിനിമറ്റിക് ഡാൻസ്, വള്ളംകളി എന്നിവ ഉണ്ടായിരുന്നു. ഓണാഘോഷപരിപാടിയിൽ മഞ്ജുഷ മോഹൻ, ദിവ്യ പ്രകാശ് എന്നിവർ അവതാരകർ ആയിരുന്നു.