
മുംബൈ: ദീർഘദൂര ട്രെയിനുകളിൽ വേനൽ തിരക്ക് വർധിച്ചതോടെ സെൻട്രൽ റെയിൽവേയിൽ അലാറം ചെയിൻ വലിക്കുന്ന സംഭവങ്ങളും വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 69 ദിവസങ്ങളിൽ (ജനുവരി 1 മുതൽ മാർച്ച് 10 വരെ), സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷൻ 778 ചെയിൻ വലിച്ച കേസുകൾ രജിസ്റ്റർ ചെയ്തു, പ്രതിദിന കേസുകൾ ശരാശരി 11 കേസുകളിൽ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കേസുകൾ കൂടുതലാണ്.
അതേസമയം 2022ൽ ആകെ 3,424 ചെയിൻ വലിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. “ഇത്തരം സംഭവങ്ങളെക്കുറിച്ച് സെൻട്രൽ റെയിൽവേ, മുംബൈ ഡിവിഷൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. 2022-ൽ 3,424 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,980 യാത്രക്കാർക്കെതിരെ 9.90 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു,” റെയിൽവേ വക്താവ് പറഞ്ഞു. ഈ വർഷം ഇതുവരെ 778 കേസുകൾ രജിസ്റ്റർ ചെയ്യുകയും 661 യാത്രക്കാരിൽ നിന്നും 4.54 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരംപല കേസുകളിലും അനാവശ്യമായി ചെയിൻ വലിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്.
മുംബൈ ഡിവിഷനിൽ പ്രധാനമായും കല്യാൺ, എൽടിടി, താനെ സ്റ്റേഷനുകളിലാണ് ചെയിൻ വലിക്കൽ നടക്കുന്നത്. മിക്ക ദീർഘദൂര ട്രെയിനുകളും നിർത്തുന്ന പ്രധാന സ്റ്റേഷനുകളാണിവ. ചെയിൻ വലിക്കുന്നത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ മാത്രമല്ല സബർബൻ ട്രെയിനുകളുടെയും സമയക്രമത്തെ ബാധിക്കുമെന്ന് സിആർ ഉദ്യോഗസ്ഥർ പറഞ്ഞു.
അലാറം ചെയിൻ ദുരുപയോഗം ചെയ്യരുതെന്ന് റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു. “അടിയന്തര ആവശ്യങ്ങൾക്കായി സബർബൻ, എക്സ്പ്രസ് ട്രെയിനുകളിൽ അലാറം ചെയിൻ വലിക്കാനുള്ള ഓപ്ഷനുകൾ റെയിൽവേ നൽകിയിട്ടുണ്ട്. വൈകിയെത്തുക, ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിൽ ഇറങ്ങുക/കയറുക, ഭാരമേറിയ ലഗേജുകളുമായി ട്രെയിനിൽ കയറുക തുടങ്ങിയ നിസ്സാരമായ കാരണങ്ങളാൽ യാത്രക്കാർ ചെയിൻ വലിക്കുന്നതായി മനസ്സിലാകുന്നു”.ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് മിക്ക സംഭവങ്ങളും നടക്കുന്നത്. “മിക്ക കേസുകളിലും, ഒന്നുകിൽ ഒരു യാത്രക്കാരനെ പിന്നിലാക്കിയെന്നോ അല്ലെങ്കിൽ അധിക ലഗേജ് കാരണം സമയബന്ധിതമായി ട്രെയിനിൽ കയറാൻ കഴിയുന്നില്ലെന്നോ മനസ്സിലാക്കി.” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.