

മുംബൈയില്‍ പച്ചക്കറി വില കുതിക്കുന്നു
മുംബൈ: ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് നവിമുംബൈയിലെ പച്ചക്കറി മൊത്തവ്യാപാര കേന്ദ്രമായ എപിഎംസി മാര്‍ക്കറ്റില്‍ പച്ചക്കറി വിലയില്‍ 40 ശതമാനത്തോളം കൂടി.കടുത്ത ചൂടില്‍ കൃഷിയിടങ്ങളില്‍ പച്ചക്കറി ഉത്പാദനം വന്‍തോതില്‍ ഇടിഞ്ഞതായും കച്ചവടക്കാര്‍ പറഞ്ഞു. പൂണെ സത്താറ, നാസിക്, സോലാപൂര്‍ തുടങ്ങിയ പ്രധാന ഉത്പാദന മേഖലകളില്‍ ഉഷ്ണതരംഗം മൂലം വിളവെടുപ്പ് പകുതിയോളം കുറഞ്ഞു. തക്കാളി, വെണ്ടയ്ക്ക, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയെയാണ് ചൂട് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
ഉത്പാദന കുറവിനൊപ്പം ചരക്കുകൂലിയിലുണ്ടായ വര്‍ധനവും വിലക്കയറ്റത്തിന് ആക്കം കൂട്ടി.
ഡീസല്‍ വില വര്‍ധിച്ചതോടെ പച്ചക്കറി മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും വാടക വന്‍തോതില്‍ ഉയര്‍ന്നു. ഉഷ്ണതരംഗം മൂലം വിപണിയിലേക്കുള്ള പച്ചക്കറിയുടെ വരവില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായതായി എ.പി.എം.സി ഹോള്‍സെയില്‍ വ്യാപാരികള്‍ വ്യക്തമാക്കുന്നു.