ദാദറില്‍ നിന്ന് നവിമുംബൈ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ്

ദിവസേന 16 സര്‍വീസുകള്‍
Bus service from Dadar to Navi Mumbai Airport

ദാദറില്‍ നിന്ന് നവിമുംബൈ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ്

Updated on: 

മുംബൈ: മുംബൈയുടെ നഗര ഹൃദയമായ ദാദറില്‍ നിന്ന് അടല്‍ സേതു വഴി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള ഇലക്ട്രിക് എയര്‍കണ്ടീഷന്‍ഡ് ബസ് സര്‍വീസുകള്‍ക്ക് മഹാരാഷ്ട്ര സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചു. 'ഇ-ശിവായ്' ശ്രേണിയില്‍പ്പെട്ട അത്യാധുനിക ബസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. മഹാരാഷ്ട്ര ഗതാഗത മന്ത്രിയും എംഎസ്ആര്‍ടിസി ചെയര്‍മാനുമായ പ്രതാപ് സര്‍നായിക് പുതിയ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദാദറില്‍ നിന്ന് വിമാനത്താവളത്തിലേക്ക് 170 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ടാക്‌സി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് വലിയ രീതിയില്‍ ലാഭമുണ്ടാക്കും. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പാലമായ അടല്‍ സേതു വഴി കടന്നുപോകുന്നതിനാല്‍ നഗരത്തിലെ വലിയ ട്രാഫിക് ബ്ലോക്കുകളില്‍ പെടാതെ അതിവേഗം വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കുംപ്രതിദിനം ഇരുവശങ്ങളിലേക്കുമായി 16 സര്‍വീസുകളാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. ദാദറില്‍ നിന്നുള്ള ആദ്യ സര്‍വീസ് രാവിലെ 5:30-ന് പുറപ്പെടും. ഈ റൂട്ടിലെ അവസാന സര്‍വീസ് രാത്രി 9:30-നാണ്.

യാത്രാ റൂട്ട്

ദാദറില്‍ നിന്ന് പുറപ്പെടുന്ന ബസുകള്‍ ബൈക്കുള സിഎസ്എംടി റെയ്ല്‍‌വേ സ്റ്റേഷന്‍ പരിസരങ്ങള്‍ വഴി യാത്രക്കാരെ കയറ്റിയ ശേഷമാണ് അടല്‍ സേതുവിലേക്ക് പ്രവേശിക്കുന്നത്. മറ്റ് ബസുകള്‍ മാറി കയറേണ്ട ആവശ്യമില്ലാതെ വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ദാദറിന് പുറമെ മുംബൈയിലെ ബോറിവലി, പൂനെയിലെ സ്വാര്‍ഗേറ്റ് എന്നിവിടങ്ങളില്‍ നിന്നും നവി മുംബൈ വിമാനത്താവളത്തിലേക്ക് വരും ദിവസങ്ങളില്‍ നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നും എംഎസ്ആര്‍ടിസി വക്താക്കള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com