
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശ രൂപം ഇങ്ങനെ
സ്വന്തം ലേഖകൻ
മുംബൈ: വിഴിഞ്ഞം തുറമുഖത്തിന് ചെക്ക് വയ്ക്കാന്‍ മഹാരാഷ്ട്രയില്‍ പുതിയ തുറമുഖം വരുന്നു. 76,000 കോടി രൂപ മുതല്‍ മുടക്കുള്ള തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
നാല് വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയക്കാനാണ് ലക്ഷ്യമിടുന്നത്. വാഡ്‌വന്‍ തുറമുഖം തുറക്കുന്നതോടെ വിഴിഞ്ഞം തുറമുഖം വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് പുതിയ തുറമുഖം വരുന്നത് എന്നതും പ്രത്യേകതയാണ്. ഗുജറാത്തിനോട് അടുത്തുമാണിത് സ്ഥിതി ചെയ്യുന്നത്.
നിര്‍മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നാകുമിത്. കൂറ്റന്‍ ചരക്കുകപ്പലുകള്‍ക്കു വഴിതുറക്കുന്നതോടെ ലോജിസ്റ്റിക്‌സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളിലെ ചരക്കു കയറ്റിറക്കുമതിയില്‍ വലിയ പങ്ക് വാഡ്വനിലേക്ക് എത്തും.
76,200 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഓഗസ്‌റ്റോടെ നിര്‍മാണം ആരംഭിക്കും. അതിനു മുന്‍പ് അപ്രോച്ച് റോഡുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ദേശീയപാതയും റെയില്‍പാതയുമായി തുറമുഖ പദ്ധതിപ്രദേശത്തെ ബന്ധിപ്പിക്കും.
ഡഹാണു കടലോരത്ത് നിന്ന് 4.5 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് നിര്‍ദിഷ്ട തുറമുഖം. 1000 മീറ്റര്‍ നീളമുള്ള 9 കണ്ടെയ്‌നര്‍ ടെര്‍മിനലുകളും നാല് മള്‍ട്ടി പര്‍പ്പസ് ബെര്‍ത്തുകളും ലിക്വിഡ് കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനുള്ള ബെര്‍ത്തുകളും തീരരക്ഷാ സേനയ്ക്ക് പ്രത്യേക ബെര്‍ത്തുകളുമുണ്ടാകും.
ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് (ജെഎന്‍പിടി) 74 ശതമാനവും മഹാരാഷ്ട്ര മാരിടൈം ബോര്‍ഡിന്റെ 26 ശതമാനവും പങ്കാളിത്തമുള്ള വാഡ്വന്‍ പോര്‍ട്ട് പ്രൊജക്ട് ലിമിറ്റഡ് എന്ന സംരംഭമാണ് തുറമുഖം നിര്‍മിക്കുന്നത്.
നാല് വര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിക്കും ഫഡ്‌നാവിസ്
ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി
വാഡ്വന്‍ തുറമുഖം നാലു വര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. വാഡ്വനില്‍നിന്നു നാസിക്കിലേക്ക് ഹൈവേ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.17 ജില്ലകളില്‍നിന്നു തുറമുഖത്തേക്കുള്ള യാത്ര സുഗമമാക്കുന്നതാണ് പദ്ധതി.
മുംബൈയില്‍ നിന്നുള്ള തീരദേശ റോഡും തുറമുഖ പ്രദേശത്തേക്ക് നീട്ടാന്‍ നീക്കമുണ്ട്. പദ്ധതിപ്രദേശത്തിന്റെ സമീപത്തായി മൂന്നാമതൊരു വിമാനത്താവളം നിര്‍മിക്കാനും സര്‍ക്കാര്‍ ആസൂത്രണം നടത്തുന്നുണ്ട്.