
വാര്‍ഡ് വിഭജന നടപടികള്‍ ആരംഭിച്ചു; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തെരഞ്ഞെടുപ്പ്
മുംബൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം സെപ്റ്റംബറോടെ നടന്നേക്കുമെന്ന് സൂചന. സംസ്ഥാനത്തിന്‍റെ പല ഭാഗത്തും വാര്‍ഡ് വിഭജനം സംബന്ധിച്ച നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞാല്‍ വര്‍ഷാവസാനത്തോടെ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
നാലാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. വാര്‍ഡ് രൂപവത്കരണ പ്രക്രിയയ്ക്ക് ഏകദേശം 70 ദിവസമെടുക്കും. വോട്ടര്‍പട്ടിക പുതുക്കുന്ന നടപടിയ്ക്ക് വീണ്ടും ഒരു 40 ദിവസം കൂടിയെടുക്കും.
അങ്ങനെയാകുമ്പോള്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ദിനേശ് വാഗ്മാരെ പറഞ്ഞു.
മുംബൈ അടക്കം 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 248 ജില്ലാ പരിഷത്തുകള്‍, 42 ജില്ലാ പഞ്ചായത്തുകള്‍, 336 പഞ്ചായത്ത് സമിതികള്‍ എന്നിവയുടേയെല്ലാം കാലാവധി അവസാനിച്ചിരിക്കുകയാണ്. നിലവില്‍ അഡ്മിനിസ്ട്രേറ്റര്‍മാരുടെ ഭരണത്തിലാണ് ഇവ.