
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍ണായകമായ 5 കിലോമീറ്റര്‍ തുരങ്കം
മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ നിര്‍ണായകമായ ശില്‍ഫാട്ടയ്ക്കും ഘണ്‍സോളിക്കും ഇടയിലുള്ള 5 കിലോമീറ്റര്‍ തുരങ്കനിര്‍മാണം പൂര്‍ത്തിയായി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് തുരങ്കം തുറന്നത്.
സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റര്‍ നീളമുള്ള ആദ്യഘട്ടം 2027 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. പദ്ധതിയുടെ പുരോഗതിയെ അഭിനന്ദിച്ച വൈഷ്ണവ്, ഈ തുരങ്കം മൊത്തം 21 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്‍റെ ഭാഗമാണെന്നും അതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലൂടെയാണെന്നും പറഞ്ഞു.
ഡ്രില്‍ ആന്‍ഡ് ബ്ലാസ്റ്റ് രീതി ഉപയോഗിച്ചാണ് ഖനനം നടത്തിയതെന്നും ഇനിമുതല്‍ ടണല്‍ ബോറിങ് മെഷീന്‍ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബികെസിയില്‍ നേരത്തെ 2.8 കിലോമീറ്റര്‍ തുരങ്കം രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു.