മുംബൈ: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉദ്ധവ് താക്കറെയുടെ വസതിയായ 'മാതോശ്രീ'യിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മഹാ വികാസ് അഘാഡിക്ക് (എംവിഎ) "പൂർണ്ണ പിന്തുണ" നൽകുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് സേന, കോൺഗ്രസ്, എൻസിപി (എസ്‌പി) എന്നിവരടങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നും മാലിക് പറഞ്ഞു.
ബിജെപിക്ക് വലിയ തിരിച്ചടി മാത്രമല്ല, തെരഞ്ഞെടുപ്പിൽ തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പ്രസ്താവിച്ചു. സേന (യുബിടി) എംപി സഞ്ജയ് റാവുത്തിനൊപ്പം മാലിക്കിനെ താക്കറെയുടെ ഭാര്യ രശ്മിയും മകൻ ആദിത്യയും സ്വീകരിച്ചു. ഇവരുടെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
"എംവിഎയ്ക്ക് ഞാൻ എൻ്റെ പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. അതിനായി ഞാനും പ്രചാരണം നടത്തുമെന്നും മഹാരാഷ്ട്രയുടെ രാഷ്ട്രീയ സ്ഥിതിയും സംസ്ഥാനത്തെ മറ്റ് വിഷയങ്ങളും ചർച്ച ചെയ്തതായി മാലിക് മാധ്യപ്രവർത്തകരോട് അറിയിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ രാഷ്ട്രീയ ഭൂപ്രകൃതിയെ സാരമായി ബാധിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്നും മാലിക് പറഞ്ഞു.