
മുംബൈ-പുനെ എക്സ്പ്രസ് വേയിൽ 25 ഓളം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിന് കാരണം ഇതാണ്!!
മുംബൈ: ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ-പുനെ എക്സ്പ്രസ് വേയിൽ ഒരു കണ്ടെയ്നർ ട്രെയിലറിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടമുണ്ടായ സംഭവത്തിൽ കാരണം വ്യക്തമാക്കി പൊലീസ്. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ധരാശിവ് ജില്ലയിലെ പഡോളി സ്വദേശി അനിത സഹദേവ് എഖണ്ഡെയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 58 കാരിയായ ഇവർ കുടുംബത്തോടൊപ്പം ഒരു എസ്‌യുവിയിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പുനെയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഒന്നിലധികം വാഹനങ്ങളെ ഇടിക്കുകയായിരുന്നു.
അപകട കാരണം സംബന്ധിച്ച് പൊലീസ് പറയുന്നത്, കുത്തനെയുള്ള റോഡിൽ ട്രെയിലറിന്‍റെ ബ്രേക്ക് തകരാറിലായതിനാൽ വാഹനം മുന്നിലുള്ള വാഹനങ്ങളെ ഇടിക്കുകയായിരുന്നുവെന്നാണ്. അപകടത്തിൽ ഏഴ് വാഹനങ്ങൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചു.
ആഘാതം വളരെ വലുതായതിനാൽ ട്രെയിലർ നിരവധി വാഹനങ്ങളെ ഏകദേശം 3.5 കിലോമീറ്ററുകൾ മുന്നോട്ടു കൊണ്ടുപോയി. പ്രാഥമികമായി, ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ മദ്യപിച്ചിരുന്നില്ല. ഒരു ചരിവിലൂടെ വാഹനമോടിക്കുമ്പോൾ ബ്രേക്കുകൾ തകരാറിലായതാണ് സംഭവം.