

ബീന ആര്‍. ചന്ദ്രന്‍
മുംബൈ: സ്ത്രീകള്‍ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് നടി ബീന ആര്‍. ചന്ദ്രന്‍. ഒറ്റ ഞാവല്‍മരം നാടകത്തിന്‍റെ മുംബൈയിലെ ആദ്യ അരങ്ങേറ്റത്തിനുശേഷം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പുത്തന്‍ തലമുറയിലേക്ക് നാടകത്തിന്‍റെ സ്‌നേഹഭാഷ പകരാനുള്ള ശ്രമമാവും തന്‍റെ ഭാവി ജീവിതമെന്നും ബീന ആര്‍. ചന്ദ്രന്‍ പറഞ്ഞു.
നാടകത്തിലൂടെ സ്വയം ആവിഷ്‌കരിക്കാന്‍ തയാറായി കുട്ടികള്‍ വരുന്നു എന്നതും അവരെ പിന്തുണയ്ക്കാന്‍ മാതാപിതാക്കളുണ്ട് എന്നതും, അന്യഥാ കലുഷമായ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ആശാവഹമാണെന്ന് ബീന അഭിപ്രായപ്പെട്ടു. ഒറ്റ ഞാവല്‍മരം എന്ന നാടകത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും സംവിധാനം സി.എം. നാരായണനുമാണ്.
കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുന്‍പിലെത്തിച്ചത്. അധ്യാപികയായ ബീന ആര്‍. ചന്ദ്രന്‍ പട്ടാമ്പി പരുതൂര്‍ സ്വദേശിനിയാണ്. നാടകാവതരണത്തിനെത്തുടര്‍ന്ന് നടിയുമായുള്ള മുഖാമുഖം നയിച്ചത് കവയിത്രിയായ സുനിത ഏഴുമാവിലാണ്.
ഇപ്റ്റ കേരള മുംബൈ ചാപ്റ്റര്‍ പ്രസിഡന്‍റ് ബിജു കോമത്ത്, സ്മിതാ അനീഷ് കുമാര്‍, ഡിംപിള്‍ ഗിരീഷ്, രുഗ്മിണി സാഗര്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന നാടക പ്രവര്‍ത്തകയായ സുമാ മുകുന്ദന്‍, കെ.ടി. നായര്‍, സുമലത മധു, സുധാ അരുണ്‍, അനില്‍ പ്രകാശ് എന്നിവര്‍ കലാപാഠശാല സംഘത്തെയും യുവ നാടക പ്രവര്‍ത്തകരെയും അനുമോദിച്ചു