

ആഡംബര നൗകകള്‍ക്കായി മുംബൈയില്‍ ലോകോത്തര മറീന വരുന്നു
മുംബൈ: 887 കോടി രൂപ ചെലവില്‍ മുംബൈ തുറമുഖത്ത് ലോകോത്തര മറീന വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. തീരദേശ ഷിപ്പിങ്, മാരിടൈം ടൂറിസം, നഗരവികസനം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഏകദേശം 12 ഹെക്ടറില്‍ മുംബൈ പോര്‍ട് ട്രസ്റ്റിന്‍റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
മറീനയ്ക്ക് 30 മീറ്റര്‍ വരെ നീളമുള്ള 424 യാട്ടുകള്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ടാകും. മറീന ടെര്‍മിനല്‍ കെട്ടിടം, സെയിലിങ് സ്‌കൂള്‍, മാരിടൈം ടൂറിസം വികസന കേന്ദ്രം, ഹോട്ടല്‍, ക്ലബ് ഹൗസ് സൗകര്യങ്ങള്‍, റിപ്പയര്‍ സൗകര്യം എന്നിവയുള്‍പ്പെടെ കടല്‍ത്തീര സൗകര്യങ്ങള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വികസിപ്പിക്കും. ഇതിന് കീഴില്‍ മുംബൈ പോര്‍ട്ട് അതോറിറ്റി എന്‍ജിനിയറിങ് കോര്‍ മറീന ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കുന്നതിന് ഏകദേശം 470 കോടി രൂപ നിക്ഷേപിക്കും.
അതേസമയം, സ്വകാര്യ ഓപ്പറേറ്റര്‍ 417 കോടി രൂപ നിക്ഷേപത്തോടെ കടല്‍ത്തീര സൗകര്യങ്ങള്‍ വികസിപ്പിക്കും. തുറമുഖ അതോറിറ്റിയുടെ നിക്ഷേപത്തിന് മന്ത്രാലയം അംഗീകാരം നല്‍കുകയും ടെന്‍ഡറുകള്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 29-ന് സമയപരിധി അവസാനിക്കും. തീരദേശ ഷിപ്പിങ്ങും മാരിടൈം ടൂറിസവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലെ ഒരു പ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മുംബൈയെ ആഗോള സമുദ്ര ടൂറിസം കേന്ദ്രമായി സ്ഥാപിക്കാന്‍ ഇത് സഹായിക്കുമെന്ന് തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ പദ്ധതി സമുദ്ര വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുകയും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുകയും അനുബന്ധ മേഖലകളിലുടനീളം 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.