
മുംബൈ: മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയെന്നാരോപിച്ച് ഭോജ്പുരി നടി സുമൻ കുമാരിയെ (24) മുംബൈ ക്രൈംബ്രാഞ്ചിന്‍റെ എസ്എസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ഇവർ മുംബൈയിൽ താമസിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും എത്ര കാലമായി പെൺവാണിഭ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതു വ്യക്തമല്ല. നടികളെയും മോഡലുകളെയും ഉപയോഗിച്ച് സെക്സ് റാക്കറ്റ് നടത്തിയിരുന്നതായാണ് പുറത്തു വരുന്ന വിവരം.
ഭോജ്പുരി നടി സുമൻ കുമാരിയുടെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് അടുത്തു തന്നെ പുറത്തു വിടുമെന്നാണ് റിപ്പോർട്ടുകൾ. സുമൻ കുമാരി തടങ്കലിൽ പാർപ്പിച്ചിരുന്ന മൂന്നു യുവതികളെ പൊലീസ് മോചിപ്പിച്ചു. സിനിമകളിൽ അവസരം തേടിയെത്തുന്ന യുവതികളെ സുമൻ കുമാരി വേശ്യാവൃത്തിയിലേക്ക് എത്തിക്കുകയായിരുന്നു.
ആരെ കോളനി മേഖലയിലെ റോയൽ പാം ഹോട്ടലിൽ മോഡലുകളെ വേശ്യാവൃത്തിക്ക് എത്തിച്ചുനൽകാറുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് റെയ്ഡ് ചെയ്തത്. വേശ്യാവൃത്തി നടത്തി പണം കൈക്കലാക്കുന്ന റാക്കറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സിനിമകളിൽ അവസരം തേടി മുംബൈയിലെത്തുന്ന യുവതികളെ അവരുടെ സാഹചര്യം ചൂഷണം ചെയ്ത് നിർബന്ധിപ്പിച്ചാണ് സുമൻ എത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
വിവരം ലഭിച്ച പൊലീസ് വ്യാജ പേരിൽ ആവശ്യക്കാരനെന്ന തരത്തിൽ ഒരാളെ ഹോട്ടലിലേക്ക് അയച്ചു. ഇതിൽ റാക്കറ്റ് കുടുങ്ങുകയായിരുന്നു. ഓരോ മോഡലിനും 50,000 – 80,000 രൂപ വരെയാണ് വാങ്ങിയതെന്നാണു വിവരം.
ഭോജ്പുരി സിനിമകളായ ലൈല മജ്നു, ബാപ് നംബാരി, ബേട്ട ദാസ് നംബാരി തുടങ്ങിയവയിൽ സുമൻ കുമാരി അഭിനയിച്ചിട്ടുണ്ട്. ചില ഒടിടി പ്ലാറ്റ്ഫോം ഷോകളിലും, ഹിന്ദി, പഞ്ചാബി, ഭോജ്പുരി ഭാഷകളിലെ പാട്ടുകളിലും സുമൻ മുഖം കാണിച്ചിട്ടുണ്ട്. കരിയറിൽ പ്രതിസന്ധി നേരിടുന്ന മോഡലുകളെയാണ് നിർബന്ധിത വേശ്യാവൃത്തിയിലേക്ക് സുമൻ എത്തിച്ചിരുന്നത്. മോഡലുകളുമായി നിർബന്ധിത കരാർ ഇവർ ഏർപ്പെടുമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമം വച്ചാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സുമന്‍റെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നുണ്ട്. ഇയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.