

ജീപ്പ് 400 അടി താഴ്ചയിലേക്ക് മറിഞ്ഞ് 6 യുവാക്കള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ തംഹിനി ഘട്ടില്‍ വിനോദസഞ്ചാരത്തിന് പോയ താര്‍ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറ് യുവാക്കള്‍ മരിച്ചു. ചൊവ്വാഴ്ച മുതല്‍ വിനോദ യാത്ര പോയ യുവാക്കളെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ ട്രാക്ക് ചെയ്തപ്പോള്‍ അവസാനം റെയ്ഞ്ച് കാണിച്ചത് തംഹിനി ഘാട്ടിലാണ്. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 400 അടി താഴ്ചയില്‍ വാഹനം ഉണ്ടെന്ന് കണ്ടെത്തിയത്. ഇത് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 18-22 വയസിന് ഇടയില്‍ പ്രായമുള്ള യുവാക്കളാണ് മരിച്ചത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.