

ഫെയ്മ വനിതാ വേദി സെമിനാര്‍
മുംബൈ: ദൈനംദിന ജീവിതത്തില്‍ പരസ്പരം നല്‍കുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് പ്രമുഖ ശിശു വികസന വിദഗ്ധ ഡോ. എസ്. ഗിരിജ. ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ദൈനംദിന ജീവിതത്തിലെ അഭിനന്ദനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കൊച്ചി അമൃത ഹോസ്പിറ്റലിലെ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ വിദഗ്ധയാണ് ഡോ. ഗിരിജ.
കുടുംബജീവിതത്തിലും ജോലിസ്ഥലത്തും പൊതുസമൂഹത്തിലും മറ്റുള്ളവരെ അഭിനന്ദിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും കാണിക്കുന്ന ചെറിയ മനോഭാവങ്ങള്‍ പോലും വലിയ നല്ല മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് അവര്‍ ലളിതമായ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു.
ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ചെയര്‍പേഴ്‌സണ്‍ വിനീത പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനിത ബാബു തോമസ് സ്വാഗതം പറഞ്ഞു. വിജയലക്ഷ്മി നായര്‍ പരിപാടിയുടെ അവതരണം നിര്‍വഹിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറിന് അഡ്വ. തുഷാരി പിള്ള നന്ദി രേഖപ്പെടുത്തി. സംസ്ഥാന ജോയിന്‍ സെക്രട്ടറി രാജീവ് പണിക്കര്‍, അമരാവതി സോണ്‍ പ്രതിനിധി ബിജി ഷാജി, കണ്‍വീനര്‍ ബോബി സുലക്ഷണ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.