കർക്കരെയെ വധിച്ചത് കസബല്ല ആർഎസ്എസ്: മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്

ഈ സത്യം കോടതിയിൽ മറച്ചുവച്ച ചതിയനാണ് മുംബൈ ഭീകരാക്രമണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്വൽ നികം എന്നും വിജയ് വഡേറ്റിവാർ
കർക്കരെയെ വധിച്ചത് കസബല്ല ആർഎസ്എസ്: മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്
വിജയ് വഡേറ്റിവാർ

മുംബൈ: മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വാഡ് മുൻ മേധാവി ഹേമന്ത് കർക്കറെയെ വധിച്ചത് പാക് ഭീകരൻ അജ്മൽ കസബല്ല, ആർഎസ്എസ് അനുഭാവിയായ പൊലീസുകാരനാണെന്നു മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവ് വിജയ് നാംദേവ്റാവു വഡേറ്റിവാർ. മുംബൈ നോർത്ത് സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർഥി വർഷ ഗെയ്ക്ക്‌വാദിന്‍റെ തെരഞ്ഞെടുപ്പു യോഗത്തിലാണു മുതിർന്ന നേതാവിന്‍റെ വിവാദ പ്രസ്താവന. 26/11 ഭീകരാക്രമണക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വൽ നികമാണ് ഇവിടെ ബിജെപി സ്ഥാനാർഥി.

അജ്മൽ കസബിനു കോൺഗ്രസ് ബിരിയാണി നൽകുകയായിരുന്നെന്ന ഉജ്വൽ നികമിന്‍റെ പരിഹാസത്തിനു മറുപടി പറയുമ്പോഴായിരുന്നു വഡേറ്റിവാറിന്‍റെ കടുത്ത പരാമർശങ്ങൾ. ""കർക്കറെയുടെ മരണത്തിനു കാരണമായ വെടിയുണ്ട കസബിന്‍റെ തോക്കിൽ നിന്നായിരുന്നില്ല. ആർഎസ്എസ് അനുഭാവിയായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നായിരുന്നു. ഈ സത്യം കോടതിയിൽ മറച്ചുവച്ച ചതിയനാണ് നികം. അത്തരക്കാർക്ക് എന്തിനാണു ബിജെപി ടിക്കറ്റ് നൽകിയത്''- വഡേറ്റിവാർ ചോദിച്ചു.

വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ കോൺഗ്രസ് ഏതു തലത്തിലേക്കും താഴുമെന്നതിന്‍റെ തെളിവാണിതെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ഡെ പറഞ്ഞു.

26/11 ഭീകരർക്ക് വഡേറ്റിവാർ ക്ലീൻ ചിറ്റ് നൽകുകയാണ്. ഭീകരരെ പിന്തുണയ്ക്കാൻ കോൺഗ്രസിന് നാണം തോന്നുന്നില്ലേ. കോൺഗ്രസും രാജകുമാരനും ജയിക്കാൻ പാക്കിസ്ഥാനിൽ പ്രാർഥനകൾ നടക്കുന്നത് എന്തിനാണെന്ന് ഇന്ന് രാജ്യം മുഴുവനും അറിയാം- തവ്ഡെ പ്രതികരിച്ചു.

എന്നാൽ, മുൻ ഐജി എസ്.എം. മുഷ്റിഫിന്‍റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളാണ് താൻ ആവർത്തിച്ചതെന്ന് വഡേറ്റിവാർ പറയുന്നു. സംസ്ഥാന മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷ്റിഫിന്‍റെ സഹോദരനാണ് എസ്.എം. മുഷ്റിഫ്. കർക്കറെ കൊല്ലപ്പെട്ടത് ഭീകരരുടെ തോക്കിലെ വെടിയുണ്ട കൊണ്ടിട്ടല്ലെന്ന് മുഷ്റിഫ് പറയുന്നുണ്ട്. കസബിന് തൂക്കുകയർ നൽകുന്നതിൽ ഇതൊരു ഘടകമല്ല. ഏതു സാധാരണ അഭിഭാഷകൻ ഹാജരായാലും കസബിന് തൂക്കുകയർ ലഭിച്ചേനെയെന്നും വഡേറ്റിവാർ.

Trending

No stories found.

Latest News

No stories found.