വാക്സിൻ രാഷ്‌ട്രീയവും, സർട്ടിഫിക്കറ്റിലെ മോദിയും

വാക്സിൻ രാഷ്‌ട്രീയ വിഷയമായി തെരഞ്ഞെടുപ്പിൽ ഉയർന്നുവരുമ്പോഴാണ് സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം പുറത്താവുന്നത്
PM Modi photo removed from Covid vaccine certificate
PM Modi photo removed from Covid vaccine certificate

പ്രത്യേക ലേഖകൻ

കൊവിഡ് കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസേവനം സമാനതകളില്ലാത്തതാണെന്നു ചൂണ്ടിക്കാണിച്ചാണ് ഇതുവരെ ബിജെപി ജനങ്ങളോടു വോട്ടു ചോദിച്ചിരുന്നത്. അതിൽ തന്നെ മുഖ്യവിഷയം വാക്സിനായിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മോദിയുടെ "വാക്സിൻ സേവനം' ബിജെപി നേതാക്കൾ എടുത്തുപറഞ്ഞിട്ടുണ്ട്. മോദി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ വാക്സിനെതിരേ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയായിരുന്നു പ്രതിപക്ഷ നേതാക്കൾ ചെയ്തത് എന്നതാണു ബിജെപിയുടെ വാദം. വാക്സിൻ വിതരണത്തിന്‍റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്കു നൽകുന്നതിൽ ഭരണപക്ഷത്തെ ഒരു നേതാവും യാതൊരു പിശുക്കും കാണിച്ചിട്ടില്ല.

വാക്സിന്‍റെ പാർശ്വഫലങ്ങൾ മരണത്തിനു കാരണമാവും എന്നുവരെ പ്രതിപക്ഷം പ്രചരിപ്പിച്ചു എന്നാണവർ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് ഏതാണ്ട് പകുതിയിലെത്തിനിൽക്കേ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമാണ് അതിനു പറയുന്ന ന്യായം.

നേരത്തേ, ഉത്തർപ്രദേശ്, ഉത്തരഖണ്ഡ്, മണിപ്പുർ, ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ആ സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം മാറ്റിയിരുന്നു. തെരഞ്ഞെുപ്പു കമ്മിഷൻ ഇടപെട്ടാണ് അതു ചെയ്തത്. എന്നാൽ, ഇപ്പോൾ വോട്ടെടുപ്പ് ഏതാണ്ടു പകുതിയിലായ ശേഷം മാത്രം പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ഓർത്തതെന്ത് എന്നാണു പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നത്.

കൊവിഷീൽഡ് വാക്സിന് അപൂർവമായി പാർശ്വഫലങ്ങൾ ഉണ്ടാവാമെന്ന് അതു വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ഔഷധ നിർമാതാക്കളായ ആസ്ട്രസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലുണ്ടെന്നു പുറത്തുവന്നത് ഏതാനും ദിവസം മുൻപാണ്. അപൂർവ അവസരങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു വാക്സിൻ കാരണമാവാമെന്നാണു കമ്പനി സമ്മതിക്കുന്നതത്രേ. രക്തം കട്ടപിടിക്കുന്നതുപോലുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ വാക്സിനുണ്ടെന്ന ആരോപണം ഇതുവരെ കമ്പനിയും സർക്കാർ അധികൃതരും അംഗീകരിച്ചിരുന്നില്ല.

ഇന്ത്യയിൽ പകുതിയിലേറെ പേർക്കും നൽകിയിരിക്കുന്നത് കൊവിഷീൽഡ് വാക്സിനാണ്. ഇന്ത്യയിൽ ഇതു നിർമിച്ചു വിതരണം ചെയ്ത സിറം ഇൻസ്റ്റിറ്റ്യൂട്ട് അക്കാലത്ത് പ്രധാനമന്ത്രി സന്ദർശിച്ചതും അവരുടെ വിദഗ്ധരുമായി ആശയവിനിമയം നടത്തിയതും ഒക്കെ വലിയ വാർത്തയായിരുന്നു. കമ്പനിയിൽ നിന്ന് കോടിക്കണക്കിനു രൂപ സംഭാവന സ്വീകരിച്ചാണ് ഈ വാക്സിൻ ജനങ്ങൾക്കു വിതരണം ചെയ്തതെന്നാണ് സമാജ് വാദി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷം ഇപ്പോൾ കുറ്റപ്പെടുത്തുന്നത്. 80 കോടി ഇന്ത്യക്കാർക്ക് രണ്ടു ഡോസ് വീതം കൊവിഷീൽഡ് നൽകിയിട്ടുണ്ടെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു.

രാഷ്‌ട്രീയ സംഭാവന സ്വീകരിച്ച്, ഗു‍ണം കുറഞ്ഞ വാക്സിൻ വിതരണം ചെയ്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി എന്നതാണ് അഖിലേഷിന്‍റെ ആരോപണം. ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും അഖിലേഷ് ആവശ്യപ്പെടുന്നുണ്ട്. സമാജ് വാദി പാർട്ടിയുടെ മറ്റു നേതാക്കളും വാക്സിന്‍റെ പേരിൽ മോദിക്കെതിരേ രംഗത്തുണ്ട്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 50 കോടി രൂപയുടെ ഇലക്റ്ററൽ ബോണ്ടുകൾ ബിജെപി സ്വീകരിച്ചുവെന്നാണ് കോൺഗ്രസ് നേതാവ് ബി.കെ. ശ്രീനിവാസ് കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയും ആരോപിക്കുന്നുണ്ട്. വാക്സിന്‍റെ പാർശ്വഫലങ്ങൾ ജനങ്ങളുടെ മരണത്തിനു കാരണമായതിന് മോദിയാണ് ഉത്തരവാദിയെന്ന് ആർജെഡിയും കുറപ്പെടുത്തുന്നു.

ജർമനി, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ്, നോർവേ, ഡെൻമാർക്ക് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ സുരക്ഷാ ആശങ്ക മൂലം 2021ന്‍റെ തുടക്കത്തിൽ തന്നെ കൊവിഷീൽഡ് നിരോധിച്ചിരുന്നുവെന്ന് എഎപിയും പറയുന്നു. വാക്സിൻ അങ്ങനെ രാഷ്‌ട്രീയ വിഷയമായി തെരഞ്ഞെടുപ്പിൽ ഉയർന്നുവരുമ്പോഴാണ് സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം പുറത്താവുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com