
മോഹൻ ഭഗവത്, നരേന്ദ്ര മോദി
Graphics
നാഗ്പുർ: 75 വയസായ രാഷ്ട്രീയ നേതാക്കൾ വിരമിച്ച് സന്തോഷത്തോടെ വഴിമാറണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സെപ്റ്റംബറിൽ 75 തികയുമെന്ന ഓർമപ്പെടുത്തലുമായി പ്രതിപക്ഷവും രംഗത്തെത്തി.
മോദിക്കു മാത്രമല്ല, ഭാഗവതിനും സെപ്റ്റംബറിൽല 75 വയസ് തികയും. സെപ്റ്റംബർ 11 ആണ് ഭാഗവതിന്‍റെ ജന്മദിനം; മോദിയുടേത് സെപ്റ്റംബർ 17.
എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ ബിജെപി നേതാക്കളെല്ലാം അപ്രഖ്യാപിത വിരമിക്കലിനു നിർബന്ധിതരായവരാണെന്നും പ്രതിപക്ഷ നേതാക്കൾ.
ബിജെപിയിലെ മുതിർന്ന നേതാക്കളെ വിരമിക്കാൻ നിർബന്ധിച്ച നരേന്ദ്ര മോദി ഇതേ മാതൃക പിന്തുടരുമോ എന്നാണ് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചത്.
ഇതിനിടെ, വിശ്രമ ജീവിതത്തെക്കുറിച്ച് അമിത് ഷാ നടത്തിയ പരാമർശങ്ങളും രാഷ്ട്രീയ നിരീക്ഷകർ ഇതുമായി ചേർത്തു വായിക്കുന്നു. രാഷ്ട്രീയത്തിൽനിന്നു വിരമിച്ച ശേഷം വേദോപനിഷത്തുകൾക്കും ജൈവ കൃഷിക്കുമായി സമയം മാറ്റിവയ്ക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.