
ബിഹാറിലെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേര് പുറത്തുവിട്ടു
പറ്റ്ന: ബിഹാറിൽ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (എസ്ഐആർ) ഭാഗമായി തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടു. ഒഴിവാക്കപ്പെട്ട പേരുകൾ 19ന് പ്രസിദ്ധീകരിക്കണമെന്നും 22ന് സമഗ്ര റിപ്പോർട്ട് നൽകണമെന്നുമുള്ള സുപ്രീം കോടതി നിർദേശത്തിനു പിന്നാലെയാണു നടപടി.
ഓരോ പോളിങ് ബൂത്തുകളിലുമായാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദേശ പ്രകാരം ഇത് ഓൺലൈനിലും ലഭ്യമാക്കും. നിശ്ചിത രേഖകൾ നൽകാത്തവർ, സ്ഥലംമാറിപ്പോയവർ, മരണമഞ്ഞവർ എന്നിവരടക്കം ഒഴിവാക്കപ്പെട്ടവരുടെ പട്ടിക റോഹ്താസ്, ബെഗുസാരായ്, അർവാൾ തുടങ്ങി വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ചതായി തെരഞ്ഞെടുപ്പു കമ്മിഷൻ അധികൃതർ അറിയിച്ചു.