

അറബ് വിദേശകാര്യ മന്ത്രിമാരെ മോദി സ്വീകരിച്ചു
pti
ന്യൂഡൽഹി: രണ്ടാമത് ഇന്ത്യ- അറബ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 22 അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, സഹമന്ത്രിമാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ, വിവിധ അറബ് പ്രതിനിധി സംഘങ്ങളുടെ തലവന്മാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി എടുത്തുകാട്ടി. ഈ ബന്ധം വർഷങ്ങളായി ഉഭയകക്ഷി ബന്ധങ്ങളെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു മേഖലകളിലെയും ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി വ്യാപാരവും നിക്ഷേപവും, ഊർജം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, മറ്റു മുൻഗണനാ മേഖലകൾ എന്നിവയിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പലസ്തീൻ ജനതയ്ക്ക് ഇന്ത്യ പിന്തുണ തുടരും. ഗാസ സമാധാന പദ്ധതി ഉൾപ്പെടെ നിലവിലുള്ള സമാധാന ശ്രമങ്ങൾ സ്വാഗതാർഹമാണ്.
പ്രാദേശിക സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള ശ്രമങ്ങളിൽ അറബ് ലീഗ് വഹിക്കുന്നതു പ്രധാന പങ്കാണ്- മോദി പറഞ്ഞു. പലസ്തീൻ വിദേശകാര്യ- പ്രവാസി മന്ത്രി വർസെൻ അഘബേക്കിയൻ ഷാഹിൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ ചേർന്ന സുപ്രധാന യോഗത്തെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അഭിസംബോധന ചെയ്തു.
2016ൽ ബഹ്‌റൈനിൽ ആദ്യ യോഗം ചേർന്ന ശേഷം 10 വർഷം കഴിഞ്ഞാണ് ഈ യോഗം നടക്കുന്നത്. രണ്ടാമത്തെ ഇന്ത്യ- അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം (ഐഎഎഫ്എംഎം) സംഘടിപ്പിക്കുന്നത് ഇന്ത്യയാണ്. യുഎഇ ഇതിനു സംയുക്തമായി നേതൃത്വം നൽകുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 22 അംഗരാജ്യങ്ങളുള്ള ഒരു പാൻ അറബ് സംഘടനയായ ലീഗ് ഒഫ് അറബ് സ്റ്റേറ്റ്സിന്‍റെ നിരീക്ഷകനാണ് ഇന്ത്യ.
2002 മാർച്ചിലാണ് ഇന്ത്യയും ലീഗ് ഒഫ് അറബ് സ്റ്റേറ്റ്സും ഉഭയകക്ഷി ചർച്ചകൾക്കായി വ്യവസ്ഥാപിതമായ ധാരണാപത്രം ഒപ്പിട്ടത്. 2008 ഡിസംബറിൽ അന്നത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അമ്രെ മൂസയുടെ ഇന്ത്യാ സന്ദർശന വേളയിൽ അറബ്- ഇന്ത്യ സഹകരണ ഫോറം സ്ഥാപിക്കാൻ തീരുമാനമായി. 2013ൽ ഘടനാപരമായ സംഘടനയുടെ കാര്യത്തിൽ ഇത് പരിഷ്കരിച്ചു.