
മ്യൂസിയത്തിൽനിന്നുള്ള ദൃശ്യം.
അയോധ്യ: രാമായണം പ്രമേയമാക്കി അയോധ്യയിൽ മലയാളി നിർമിച്ച മെഴുക് മ്യൂസിയം ദീപാവലിയോടനുബന്ധിച്ച് കാണികൾക്കായി തുറന്നുകൊടുക്കും. അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മ്യൂസിയം ഉദ്ഘാടനം ചെയ്യും. രണ്ടര ഏക്കറിൽ 9850 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ആലപ്പുഴ സ്വദേശിയായ സുനിൽ കണ്ടല്ലൂരിന്‍റെ 'സുനിൽ വാക്സ് മ്യൂസിയം' നിർമിച്ച രാമായണ മ്യൂസിയം. കാണികളെ നേരിട്ടു ത്രേതായുഗക്കാഴ്ചകളിലേക്കു കൊണ്ടുപോകുന്ന ദൃശ്യവിരുന്നുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഭക്തിയും വിനോദസഞ്ചാരവും കോർത്തിണക്കിയ കേന്ദ്രത്തിൽ പുരാണങ്ങളും സാങ്കേതിക വിദ്യയും കലാരൂപങ്ങളും ഒരുപോലെ സംയോജിപ്പിച്ചിട്ടുണ്ട്. അയോധ്യ മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ചാണു മ്യൂസിയത്തിന്‍റെ നടത്തിപ്പ്. വരുമാനത്തിന്‍റെ 12 ശതമാനം അയോധ്യ നഗരത്തിന്‍റെ വികസനത്തിന് ഉപയോഗിക്കും.
ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ, രാവണൻ, വിബീഷണൻ തുടങ്ങി രാമായണ കഥാപാത്രങ്ങളുടെ മെഴുകു പ്രതിമകൾ മ്യൂസിയത്തിലുണ്ട്, ഓരോ പ്രതിമയ്ക്കു സമീപവും അതിന്‍റെ ഭാവം, വസ്ത്രധാരണം എന്നിവയുടെ സവിശേഷതകളടക്കം വിശദീകരിക്കുന്ന ബോർഡുകളുമുണ്ടാകും.
മ്യൂസിയത്തിലേക്കെത്തുന്നവർക്ക് അനുഗ്രഹമേകി പ്രധാന കവാടത്തിൽ ഗണപതിയുടെ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ ശൈലിയിലാണു മ്യൂസിയത്തിന്‍റെ നിർമാണം. രണ്ടു നിലകളുണ്ട്. ആദ്യത്തേതിൽ ശ്രീരാമന്‍റെ ബാല്യകാലം, സീതാസ്വയംവരം തുടങ്ങിയവ കാണാം. രണ്ടാം നിലയിൽ വനവാസം, ലങ്കാദഹനം, രാമ- രാവണ യുദ്ധം തുടങ്ങിയവ ദർശിക്കാം. സീതാപഹരണം, ലങ്കാദഹനം എന്നിവയ്ക്ക് പ്രത്യേക ദൃശ്യ സംവിധാനങ്ങളോടെ ത്രിമാന ചിത്രീകരണവും ഏർപ്പെടുത്തി. മ്യൂസിയത്തിൽ മുഴുവൻ സമയവും ചന്ദനഗന്ധവും രാമഭക്തിഗാനങ്ങളും നിറഞ്ഞുനിൽക്കും.
തിരുവനന്തപുരത്തും മഹാരാഷ്‌ട്രയിലും വാക്സ് മ്യൂസിയങ്ങളുണ്ട് സിനിൽ വാക്സ് മ്യൂസിയത്തിന്. സുനിലും സഹോദരൻ സുഭാഷും ചേർന്നാണു മെഴുകു മ്യൂസിയങ്ങൾ തയാറാക്കുന്നതും നടത്തുന്നതും. നിലവിൽ മഹാരാഷ്‌ട്രയിലെ ലോണാവാലയിലാണു താമസം.