ബിജെപി ദേശീയ ടീമിൽ 10 വനിതകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ആറ് നേതാക്കളും

വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 10 വനിതാ നേതാക്കളെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചത്
Smriti Irani

സ്മൃതി ഇറാനി

Updated on

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെ 10 വനിതകൾക്കും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ആറ് നേതാക്കൾക്കും ഇടം നൽകി. പരിചയസമ്പന്നമായ ഭരണ-സംഘടനാ മികവ്, യുവത്വം, പ്രാദേശിക വൈവിധ്യം, സാമൂഹിക ഉൾക്കൊള്ളൽ എന്നിവയുടെ സംയോജനമാണ് പുതിയ ദേശീയ ഭാരവാഹി ടീമെന്ന് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചു.

വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 10 വനിതാ നേതാക്കളെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചത്. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കി. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ കേന്ദ്രമന്ത്രി ഡി. പുരന്ദേശ്വരി, മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ വർമ്മ എന്നിവർ ദേശീയ വൈസ് പ്രസിഡന്‍റുമാരായി.

കവിത പാട്ടീദാർ, സംഗീത യാദവ് എന്നിവർ ദേശീയ സെക്രട്ടറിമാരായി. രൂപ് കുമാരി ചൗധരിയെ ബിജെപി മഹിളാ മോർച്ച അധ്യക്ഷയാക്കി. പ്രീതി ഗാന്ധിയെ സോഷ്യൽ മീഡിയ കോ-കൺവീനറായി നിയമിച്ചു.

രാജ്യത്തെ പ്രധാന മതവിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഒരു സിഖ് അംഗം, രണ്ട് ക്രിസ്ത്യൻ അംഗങ്ങൾ, മുസ്ലിം, ജൈന, പാർസി വിഭാഗങ്ങളിൽ നിന്ന് ഓരോ അംഗം വീതം എന്നിവരെ ദേശീയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതായി പാർട്ടി അറിയിച്ചു.

അലിഗഢ് മുസ്ലിം സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. താരിഖ് മൻസൂറിനെ ദേശീയ വൈസ് പ്രസിഡന്‍റായി നിയമിച്ചു. കുൻവർ ബാസിത് അലിയെ ന്യൂനപക്ഷ മോർച്ച അധ്യക്ഷനാക്കി.

കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയെ ദേശീയ സെക്രട്ടറിയായി നിലനിർത്തി. മുൻ പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിങ് ബാദലിനെ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റാക്കി.

23 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള നേതാക്കൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് പുതിയ നിയമനങ്ങളെന്ന് ബിജെപി പ്രസ്താവനയിൽ പറഞ്ഞു.

വടക്കുകിഴക്കൻ മേഖലക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ത്രിപുര, അസം, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രാദേശിക നേതാക്കളെ നിയമിച്ചതിനൊപ്പം പ്രത്യേക നോർത്ത്-ഈസ്റ്റ് കോ-ഓർഡിനേഷൻ സെൽ തുടരും. സാംബിത് പാത്രയായിരിക്കും സെല്ലിന്‍റെ ചുമതല വഹിക്കുക.

പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിൽ നിന്നായി നാല് ഗോത്രവിഭാഗ പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ വനിതകളാണ്. ഉത്തർപ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് അംഗങ്ങളാണ് പട്ടികയിൽ പട്ടികജാതി വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com