
അപകടാവസ്ഥയിൽ; ഗുജറാത്തിൽ നൂറോളം പാലങ്ങൾ അടച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ പാലം തകർന്ന് ഇരുപതോളം പേർ മരിച്ചതിനു പിന്നാലെ കർശന നടപടിയുമായി സർക്കാർ. സംസ്ഥാനത്തെ നൂറോളം പാലങ്ങൾ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി. സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച മുഴുവൻ പരാതികൾ പരിഹരിക്കാനും അറ്റകുറ്റപ്പണി നടത്താനുമാണ് സർക്കാർ നിർദേശം. ദേശീയ പാതയിൽ മാത്രം 12 ഓളം പാലങ്ങളാണ് അടച്ചതെന്നാണ് വിവരം.
പൊതുമരാമത്തുവകുപ്പിന്‍റെ ചുമതലയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വഹിക്കുന്നതിനാൽ പാലം തകർന്ന് അപകടമുണ്ടായ പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരങ്ങൾ കടുപ്പിച്ചതിന് പിന്നാലെയാണ് പരിശോധനക്കായി മുഖ്യമന്ത്രി ഉത്തരവിട്ടത്. തകർന്ന പാലത്തിന്‍റെ ബലക്ഷയത്തെപ്പറ്റിയുള്ള പരാതികൾ ഉദ്യോഗസ്ഥർ ഗൗരവത്തിലെടുത്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ നാല് എൻജിനിയർമാരേ സസ്പെൻഡ് ചെയ്തിരുന്നു.
ജൂലൈ 9 നാണ് ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് അപകടമുണ്ടായത്. 20 ഓളം പേരാണ് അപകടത്തിൽ മരിച്ചത്. വഡോദരയിലെ പദ്ര മുജ്പൂരിനടുത്തുള്ള പാലമാണ് തകർന്നത്. പാലം തകർന്നതോടെ യാത്രചെയ്യുകയായിരുന്ന 2 ട്രക്കുകളും ഒരു പിക്കപ്പ് വാനും ഒരു കാറും മഹിസാഗർ നദിയിൽ വീഴുകയായിരുന്നു.