

സൂറത്തിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ പൊളിച്ചുകളയുന്നു.
സൂറത്ത്: കതാർഗാമിലെ നഷീർ നഗർ പ്രദേശത്ത് നൂറ് വീടുകൾ പൊളിച്ചു. എന്നാൽ, വീടുകൾ പൊളിക്കാൻ ഉത്തരവിട്ടതാരെന്ന് ആർക്കുമറിയാത്ത സ്ഥിതി. ഇങ്ങനെയൊരുത്തരവ് നൽകിയിട്ടില്ലെന്നാണ് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നത്. കോർപ്പറേഷന് ഇതിലൊരു പങ്കുമില്ലെന്നും അധികൃതർ.
അതേസമയം, ജൂൺ 30-ന് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തിലാണ് വീടുകൾ പൊളിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. സ്വകാര്യ കൺസ്ട്രക്ഷൻ പ്രൊജക്റ്റിന്‍റെ ഭാഗമായ റോഡ് നിർമിക്കുന്നതിനു വേണ്ടിയാണ് വീടുകൾ പൊളിച്ചത്. ഇതിനായി ബുൾഡോസറുകൾ അടക്കമുള്ള ഹെവി മെഷനറികളും ഉപയോഗിച്ചിരുന്നു.
ആരോ നിയമം കൈയിലെടുത്തു എന്നു വേണം കരുതാനെന്ന് കതാർഗാം എംഎൽഎ വിനി മൊറാദിയ പറഞ്ഞു. കെട്ടിടങ്ങൾ പൊളിക്കാനുള്ള ഉത്തരവ് നൽകാൻ കോർപ്പറേഷനു മാത്രമാണ് അധികാരം. അങ്ങനെയൊരു ഉത്തരവ് അവർ നൽകിയിട്ടില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ എം. നാഗരാജനുമായി സംസാരിച്ചതിൽ നിന്ന് തനിക്കു വ്യക്തമായിട്ടുണ്ടെന്നും മൊറാദിയ.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ പട്ടേൽ അറിയിച്ചു.
ദീർഘകാലമായി തുടരുന്ന വസ്തു തർക്കവുമായി ബന്ധപ്പെട്ടാണ് കോർപ്പറേഷൻ അധികൃർ സ്ഥലം സന്ദർശിച്ചതെന്നാണ് മുനിസിപ്പൽ കമ്മിഷണർ പറയുന്നത്. ആ സമയത്തു തന്നെയാണ് മറ്റൊരു സംഘം ചില കെട്ടിടങ്ങൾ പൊളിച്ചത്. ആ സ്ഥലം സ്വകാര്യ വസ്തുവാണ്. അതിന്‍റെ ഉടമസ്ഥരാവാം പൊളിച്ചത്, ഞങ്ങൾക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല- നാഗരാജൻ പറയുന്നു.