
എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷബാധയെന്നു സംശയം
Representative image
മുംബൈ: ലണ്ടനിൽനിന്ന് മുംബൈയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിൽ 11 പേർ ഒരുമിച്ച് അസുഖബാധിതരായി. ഇതിൽ ആറ് വിമാന ജോലിക്കാരും അഞ്ച് യാത്രക്കാരും ഉൾപ്പെടുന്നു. എല്ലാവർക്കും തളർച്ചയും തലകറക്കവുമാണ് അനുഭവപ്പെട്ടത്.
വിമാനത്തിൽ ഓക്സിജൻ കുറഞ്ഞതോ, അതല്ലെങ്കിൽ ഭക്ഷ്യവിഷബാധയോ ആകാം കാരണമെന്നു സംശയിക്കുന്നു. സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണ്. ബോയിങ് 777 വിമാനം ഉപയോഗിച്ച് സർവീസ് നടത്തിയ എഐ-130 വിമാനത്തിലാണം സംഭവം.
വിമാനത്തിലെ ക്യാബിൻ പ്രഷറിനു കുറവുണ്ടാകുമ്പോഴാണ് ഓക്സിജനിൽ കുറവ് വരുന്നത്. അങ്ങനെ സംഭവിച്ചാൽ ഓക്സിജൻ മാസ്കുകൾ തനിയേ താഴേക്കു വരും. എന്നാൽ, ഈ വിമാനത്തിൽ അതുണ്ടായില്ല. അതുകൊണ്ടു തന്നെ ഭക്ഷ്യവിഷബാധയാകാനാണ് കൂടുതൽ സാധ്യത.
അഹമ്മദാബാദിൽ ബോയിങ് 787 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിനു ശേഷം എയർ ഇന്ത്യ വിമാനങ്ങളെല്ലാം കർശന നിരീക്ഷണത്തിനു കീഴിലാണ്. ഇതിനിടെയാണ് പുതിയ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുംബൈയിൽ വിമാനം ലാൻഡ് ചെയ്ത ശേഷം അസുഖബാധിതർക്കെല്ലാം വൈദ്യ പരിശോധന ഉറപ്പാക്കി. എന്നാൽ, പതിനൊന്നിൽ നാലു പേർക്കു മാത്രമാണ് തുടർ ചികിത്സ വേണ്ടിവന്നത്. ഇവരെയും പിന്നീട് ഡിസ്ചാർജ് ചെയ്തു.
അതേസമയം, യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും ബാധിച്ച പ്രശ്നം പൈലറ്റുമാർക്ക് ഉണ്ടായില്ല. യാത്രക്കാർക്കും സാധാരണ ജീവനക്കാർക്കും ഭക്ഷണം തയാറാക്കുന്ന അടുക്കളയിൽ നിന്നല്ല പൈലറ്റുമാർക്ക് തയാറാക്കാറുള്ളത്. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഇങ്ങനെയൊരു കീഴ്‌വഴക്കം.