
ന്യൂഡൽഹി: ജോർജിയയിലെ മൗണ്ടൻ റിസോർട്ടായ ഗുഡൗരിയിൽ 11 ഇന്ത്യക്കാരുൾപ്പെടെ 12 പേർ വിഷവാതകം ശ്വസിച്ചു മരിച്ചു. ഇന്ത്യൻ റസ്റ്ററന്‍റിന്‍റെ മൂന്നാം നിലയിലെ കിടപ്പുമുറിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ആകാം മരണകാരണമെന്നു പ്രാഥമിക നിഗമനം. ജോർജിയൻ പൊലീസ് അന്വേഷണം തുടങ്ങി.
മൃതദേഹങ്ങൾ ഇന്ത്യയിലേക്കെത്തിക്കുമെന്നു ജോർജിയൻ തലസ്ഥാനമായ തബ്‌ലിസിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജോർജിയയിലെ പ്രശസ്തമായ കോക്കസസ് പർവതനിരയുടെ ഭാഗമാണു ഗുഡൗരി.