
ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളെ ശനിയാഴ്ചയോടെ ഇന്ത്യയിലെത്തിക്കും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ സി-17 എയര്‍ക്രാഫ്റ്റുകള്‍ ഇതിനായി ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെട്ടു കഴിഞ്ഞതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്കാണ് ചീറ്റകളെ കൊണ്ടുവരിക.
ദേശീയ പാര്‍ക്കില്‍ ചീറ്റകള്‍ക്കായുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും പ്രൊജക്റ്റ് ചീറ്റ പദ്ധതി പ്രകാരം ധാരണാപത്രം നേരത്തെ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിരണ്ടാം പിറന്നാള്‍ദിനത്തില്‍ എട്ട് ചീറ്റകളെ രാജ്യത്തേക്കു കൊണ്ടുവന്നു.
ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ എന്നിവിടങ്ങളിലായി എഴുപതിനായിരത്തോളം ചീറ്റകളുണ്ടെന്നാണു കണക്കുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണം ചീറ്റകളുള്ളതു നമീബിയയിലാണ്. എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കയുമായി ചീറ്റകളെ കൈമാറാന്‍ ധാരണാപത്രം ഒപ്പുവച്ചത്.