

യുപിയിൽ ഓടുന്ന കാറിൽ 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
കാൺപൂർ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. എസ്ഐയും പ്രാദേശിക മാധ്യമപ്രവർത്തകനും ചേർന്നാണ് അതിക്രമം നടത്തിയത്. എസ്ഐ അങ്കിത് മൗര്യ ഒളിവിലാണ്. കൂട്ടാളിയായ ശിവ് യാദവ് അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. കാൺപൂരിലെ വീട്ടിൽ നിന്ന് പെൺകുട്ടി പുറത്തിറങ്ങിയപ്പോൾ സ്കോർപ്പിയോ വാഹനത്തിൽ വന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറിനുള്ളിൽ വെച്ച് തന്നെ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.
പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പതിനാലുകാരിയെ വീട്ടുമുറ്റത്ത് പ്രതികൾ ഉപേക്ഷിക്കുകയായിരുന്നു.
രണ്ട് മണിക്കൂറോളം പെൺകുട്ടിയെയും കൊണ്ട് പ്രതികൾ കാറിൽ ചുറ്റിയതായാണ് വിവരം. പരുക്കേറ്റ പെൺകുട്ടിയെ സഹോദരനാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയും പരാതി നൽക്കുകയുമായിരുന്നു. ആദ്യഘട്ടത്തിൽ പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ല. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥനും മാധ്യമപ്രവർത്തകനും സുഹൃത്തുക്കളാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥന്‍റേതാണെന്ന് കണ്ടെത്തി. ഒളിവിലുള്ള പൊലീസ് ഉദ്യോഗസ്ഥനായി തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ്.