ഷിംല: ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം തുടരുന്നതിനിടെ കോൺഗ്രസിന്‍റെ പ്രതിരോധ തന്ത്രം. സ്പീക്കറുടെ ചേംബറിൽ കയറി മുദ്രാവാക്യം വിളിക്കുകയും നിയമസഭയിൽ മോശമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് 15 ബിജെപി എംഎൽഎമാരെ സ്പീക്കർ കുൽദീപ് സിങ് പഠാനിയ പുറത്താക്കി.
നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് നടപടി. രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരി കൂറു മാറ്റി വോട്ട് ചെയ്യിച്ച് ബിജെപി സ്ഥാനാർഥിയെ ജയിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, ബജറ്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി സർക്കാരിനെ താഴെയിറക്കാനായിരുന്നു ബിജെപിയുടെ നീക്കം. ഇതു പ്രതിരോധിക്കാനാണ് സ്പീക്കർ ബിജെപി എംഎൽഎമാർക്കെതിരേ നടപടിയെടുത്തതെന്നാണ് സൂചന.
68-അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുണ്ട്. ബിജെപിക്ക് 25 മാത്രം. എന്നാൽ, ആറ് കോൺഗ്രസ് എംഎൽഎമാർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. പിന്നാലെ, മന്ത്രിയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ മകനുമായ വിക്രമാദിത്യ സിങ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.