
ന്യൂഡൽഹി: 2022ല്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ റിപ്പോർട്ട് ചെയ്തത് 4,61,312 റോഡ് അപകടങ്ങള്‍. അവയിൽ 1,68,491 പേര്‍ മരിക്കുകയും 4,43,366 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളില്‍ 11.9%, മരണങ്ങളില്‍ 9.4%, പരിക്കുകളില്‍ 15.3% വര്‍ധനയുണ്ടായി.
കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ "ഇന്ത്യയിലെ റോഡപകടങ്ങൾ- 2022' വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. 2022 കലണ്ടർ വർഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൊലീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.
അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, ട്രാഫിക് നിയമ ലംഘനങ്ങൾ എന്നിവ ഉൾപ്പെടെ അപകടങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെ നേരിടാന്‍ സമഗ്ര സമീപനം സ്വീകരിക്കേണ്ടതിന്‍റെ അടിയന്തര ആവശ്യകത റിപ്പോർട്ട് അടിവരയിടുന്നു. ഗതാഗതനിയമ നിർവഹണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഡ്രൈവർമാർക്ക് നൽകുന്ന ബോധവത്ക്കരണവും പരിശീലന പരിപാടികളും മെച്ചപ്പെടുത്തണം. ഒപ്പം, റോഡുകളുടെയും വാഹനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ നിക്ഷേപം നടത്തേണ്ടതും അനിവാര്യമാണ്- റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
റോഡ് സുരക്ഷാ മേഖലയ്ക്ക് വെളിച്ചം പകരുന്ന വിവരങ്ങൾ
റോഡ് സുരക്ഷാ മേഖലയില്‍ നയങ്ങള്‍ രൂപീകരിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും "ഇന്ത്യയിലെ റോഡപകടങ്ങള്‍- 2022' എന്ന റിപ്പോർട്ട് വിലപ്പെട്ട സ്രോതസാണ്. ഏഷ്യാ പസഫിക് റോഡ് അപകട ഡാറ്റാ ബേസ് പദ്ധതിയുടെ കീഴില്‍ ഐക്യരാഷ്‌ട്ര എക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് നൽകിയിട്ടുള്ള രൂപമാതൃകയിലാണ് ഇതു തയാറാക്കിയത്.
അപകടങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, കാരണങ്ങൾ, അപകട സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവയെ കുറിച്ച് റിപ്പോർട്ട് ഉൾക്കാഴ്ച നൽകുന്നു. ഈ മേഖലയിലെ നൂതന പ്രവണതകൾ, വെല്ലുവിളികൾ, മന്ത്രാലയത്തിന്‍റെ റോഡ് സുരക്ഷാ സംരംഭങ്ങൾ എന്നിവയെക്കുറിച്ചും റിപ്പോർട്ടിൽ വെളിച്ചം വീശുന്നു.
ആധുനിക ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കൽ, സുരക്ഷാ- നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കൽ, റോഡ് സുരക്ഷാ ഓഡിറ്റുകൾ, ആഗോളതലത്തിലെ മികച്ച ഗതാഗത സമ്പ്രദായങ്ങൾ പഠിക്കാനുള്ള അന്താരാഷ്‌ട്ര സഹകരണം തുടങ്ങിയ സംരംഭങ്ങളിലെല്ലാം കേന്ദ്ര റോഡ്- ഹൈവേ മന്ത്രാലയം കഴിഞ്ഞ നിരവധി വർഷങ്ങളായി സജീവമായി ഇടപെടുന്നുണ്ട്.