
മുംബൈയിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ; 2 മരണം
മുംബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. അപകടത്തിൽ 2 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ബിഎംസി അറിയിച്ചു. മുംബൈയിലെ ജങ്കല്യാൻ സൊസൈറ്റി, വർഷ നഗർ, വിക്രോളി പാർക്ക് സൈറ്റ്, വിക്രോളി (പടിഞ്ഞാറ്) എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
പുലർച്ചെ 2.39 ഓടെയായിരുന്നു സംഭവം. ഷാലു മിശ്ര (19), സുരേഷ് മിശ്ര (50) എന്നിവരാണ് മരിച്ചത്. പ്രദേശത്തെ മറ്റ് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
അതേസമയം, ശനിയാഴ്ച രാവിലെ മുംബൈയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ട് ഉണ്ടായി. കിംഗ്സ് സർക്കിൾ, ദാദർ റെയിൽവേ സ്റ്റേഷൻ, വാഷി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈ, പാൽഘർ, താനെ, റായ്ഗഡ്, രത്‌നഗിരി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ താനെ, രത്‌നഗിരി, പൂനെ, സതാര എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.