

സന്ദീപ് പഥക്
ന‍്യൂഡൽഹി: രാജ‍്യസഭാ എംപിയും അടുത്തിടെ ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ സന്ദീപ് പഥകിനെതിരേ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ജാമ‍്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ ഇതിന്‍റെ പിന്നിലെ കാരണം സംബന്ധിച്ച് വ‍്യക്തതയില്ല. സന്ദീപിനെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പഞ്ചാബ് പൊലീസ്. എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത് പഞ്ചാബ് പൊലീസ് ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതേ കാര‍്യത്തെ പറ്റി മാധ‍്യമങ്ങൾ ചോദിച്ചപ്പോൾ തനിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ പറ്റി ഒരു പിടിയും ഇല്ലെന്നായിരുന്നു സന്ദീപ് പ്രതികരിച്ചത്. രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്ന് ബിജെപി ആരോപിച്ചു.
ആംആദ്മി പാർട്ടിയോട് വിയോജിപ്പുള്ളവരെ ലക്ഷ‍്യം വയ്ക്കുകയാണെന്നും രാഷ്ട്രീയ ലക്ഷ‍്യങ്ങൾക്കു വേണ്ടി സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പുനെവാല എക്സിൽ കുറിച്ചു. ഏപ്രിൽ 24നായിരുന്നു എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ എന്നിവർക്കൊപ്പം സന്ദീപ് പഥകും ബിജെപിയിൽ ചേരുമെന്ന് പ്രഖ‍്യാപിച്ചത്.