
ബ്രഹ്മോസ് മിസൈൽ
File
ന്യൂഡൽഹി: ഒരു മാസത്തിനിടെ രണ്ടു രാജ്യങ്ങൾ ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പുവച്ചെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 4000 കോടി രൂപയുടെ കരാറാണ് ബ്രഹ്മോസ് എയ്റോസ്പെയ്സിനു ലഭിച്ചതെന്നു പറഞ്ഞ രാജ്നാഥ് സിങ് രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയില്ല.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ് ആഗോള പ്രതിരോധ വിപണിയിൽ ശ്രദ്ധിക്കപ്പെടിരുന്നു. ഇതിന്‍റെ തുടർച്ചയാണു കരാർ. പ്രതിരോധ ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് അടിവരയിടുന്നതാണ് പുതിയ കരാറുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലക്നൗവിലെ ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റിൽ നിർമിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുമ്പോഴാണു പ്രതിരോധ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. നേരത്തേ, ഫിലിപ്പീൻസിന് ബ്രഹ്മോസ് നൽകാൻ കരാറായിരുന്നു. ഇന്ത്യയിപ്പോൾ സ്വീകർത്താവല്ല, ദാതാവാണെന്നു മന്ത്രി.
തീരത്തു നിന്നും കരയിൽ നിന്നും ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളടക്കമാണു പുതിയ കരാർ പ്രകാരം വിൽക്കുന്നതെന്നാണു റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ ഭീകര കേന്ദ്രങ്ങളും പാക്കിസ്ഥാന്‍റെ വ്യോമതാവളങ്ങളും തകർക്കാൻ വ്യോമസേന ആശ്രയിച്ചത് ബ്രഹ്മോസ് മിസൈലുകളെയായിരുന്നു. 100 ശതമാനം കൃത്യതയോടെ ഇവ ലക്ഷ്യം കൈവരിച്ചെന്ന് സേന പിന്നീടു വ്യക്തമാക്കി.