ഐഎസ് ബന്ധം; ശ്രീലങ്കയിൽ 2 പേർ അറസ്റ്റിൽ

കഴിഞ്ഞ 19നാണു കൊളംബോയിൽ നിന്നു ചെന്നൈ വഴി ഇൻഡിഗോ വിമാനത്തിൽ അഹമ്മദാബാദിലെത്തിയ നാലു പേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്
2 suspected isis terrorists at sri lanka
2 suspected isis terrorists at sri lanka

കൊളംബോ: ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ടു പേരെ ശ്രീലങ്ക അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ലങ്ക സ്വദേശികളായ നാല് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു നടപടി. ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ബംഗദനിയയിൽ നിന്നുള്ളവരെയാണു സിഐഡി കസ്റ്റഡിയിലെടുത്തത്. ഇവരുടെ വിശദാംശങ്ങൾ അറിവായിട്ടില്ല.

കഴിഞ്ഞ 19നാണു കൊളംബോയിൽ നിന്നു ചെന്നൈ വഴി ഇൻഡിഗോ വിമാനത്തിൽ അഹമ്മദാബാദിലെത്തിയ നാലു പേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇവരെ എത്തിച്ചതിനു പിന്നിൽ ഓസ്മണ്ട് ജെറാർഡ് എന്ന നാൽപ്പത്താറുകാരനാണെന്നു തിരിച്ചറിഞ്ഞു. ഇയാൾക്കുവേണ്ടി തെരച്ചിൽ തുടങ്ങി.

അതിനിടെ, തീവ്രവാദാശയങ്ങളിൽ നിന്നു മോചിപ്പിക്കാൻ പൊലീസിന്‍റെ പ്രത്യേക പരിപാടിയിൽ പങ്കെടുപ്പിച്ചവരാണ് ഇന്ത്യയിൽ അറസ്റ്റിലായതെന്ന് വെളിപ്പെടുത്തിയ യൂണിവേഴ്സിറ്റി അധ്യാപകന് കൊളംബോ കോടതി ജാമ്യം നൽകി. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഇയാൾ മൊഴിമാറ്റിയതോടെയാണിത്.

സിംഗപ്പുർ, മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്നു ശ്രീലങ്കയിലേക്ക് ടെലി കമ്യൂണിക്കേഷൻ- ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്നയാളാണു ഗുജറാത്തിൽ അറസ്റ്റിലായ മുഹമ്മദ് നുസ്രത്ത് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വിൽക്കാൻ കൊളംബോയിൽ ഇയാൾ സ്ഥാപനം നടത്തിയിരുന്നു.

ഹൈക്കോടതി ജഡ്ജി ശരത് അമ്പപിതിയയെ കൊലപ്പെടുത്തിയ അധോലോക കുറ്റവാളി നിയാസ് നൗഫറിന്‍റെ (പോട്ട നൗഫർ) ആദ്യ ഭാര്യയിലെ മകനാണ് മുഹമ്മദ് നുർഫാൻ. കൊളംബോയിൽ റിക്ഷത്തൊഴിലാളിയായ മുഹമ്മദ് ഫാരിസിനെ മുൻപ് പല ക്രിമിനൽ കേസുകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളി ഹമീദ് ആമിറിനെ കഴിഞ്ഞ 21ന് ലങ്കൻ ഭീകര വിരുദ്ധ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ നാലാമൻ മുഹമ്മദ് റഷീദാൻ ഓട്ടൊറിക്ഷ ഡ്രൈവറാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com