തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
രേവന്ത് റെഡ്ഡിക്കെതിരായ വീഡിയോ ഷെയർ ചെയ്തു; രണ്ടു മാധ്യമ പ്രവർത്തകർ അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ വീഡിയോ ഷെയർ ചെയ്തതിന്‍റെ പേരിൽ രണ്ടു മാധ്യമ പ്രവർത്തകരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലോപ്ടോപ്പുകളും മൈക്കും പൊലീസ് പിടിച്ചെടുത്തു.
തെലുങ്ക് മാധ്യമ പ്രവർത്തകരായ രേവതി പൊഗാദാനന്ദ, തൻവി യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഐടി ആക്ടിന്‍റെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. രേവന്ത് റെഡ്ഡി സർക്കാർ കർഷകർക്ക് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെന്നത് അടക്കമുള്ള വിമർശനങ്ങൾ ഒരു കർഷകൻ ഉന്നയിക്കുന്ന വീഡിയോയാണ് രേവതിയും തൻവിയും പ്ലസ് ന്യൂസ് എന്ന വെബ്സൈറ്റിലൂടെ ഷെയർ ചെയ്തത്.
ഇതിനെതിരേ കോൺഗ്രസ് സോഷ്യൽ മീഡിയ സ്റ്റേറ്റ് സെക്രട്ടറി പരാതി നൽകിയിരുന്നു. തന്നെ നിശബ്ദയാക്കാൻ രേവന്ത് റെഡ്ഡി ശ്രമിക്കുന്നെന്ന് ആരോപിച്ച്, അറസ്റ്റിന് മുൻപ് രേവതി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ചർച്ച സംഘടിപ്പിച്ചതിന് ബിആർഎസ് സർക്കാരിന്‍റെ കാലത്തും അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് രേവതി. അതേസമയം, മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെ എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു.