
ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിലെ ഡിപിഎസ്, ദ്വാരക ഉൾപ്പെടെ 20 ഓളം സ്‌കൂളുകൾക്കാണ് ഇത്തവണ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച രാവിലെയോടെ ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ വിദ്യാർഥികളെയും ജീവനക്കാരെയും സ്‌കൂളിൽ നിന്ന് ഒഴിപ്പിച്ചു. വിവരമറിഞ്ഞയുടൻ ഡൽഹി പൊലീസ്, ഫയർ ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വിദ്യാർഥികളെയും അധ്യാപകരേയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഈമെയിൽ വഴിയാണ് എല്ലാ ഭീഷണി സന്ദേശങ്ങളും എത്തിയത്. മെയിലുകളിലെ ഉള്ളടക്കങ്ങൾ സമാനമായിരുന്നതിനാൽ വ്യാജ ഭീഷണിക്കു പിന്നിൽ ഓരേ ആളാണെന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ് ഉള്ളത്. ഡൽഹി പൊലീസും സൈബർ യൂണിറ്റുകളും ചേർന്ന് ഇയാളുടെ ഐഡന്‍റിറ്റി കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ഒറ്റ മാസത്തിനിടെ ഇത് നാലാം തവണയാണ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. പിന്നീട് ഇവ വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. 2024 മേയ് മുതൽ ഇതുവരെ ഡൽഹിയിലെ 200 ലധികം സ്‌കൂളുകളുകൾക്കാണ് ഔദ്യോഗിക മെയിൽ ഐഡികളിലേക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഇതിനു പുറമേ, ഡൽഹി വിമാനത്താവളത്തിലും, നിരവധി ആശുപത്രികൾ, കോളെജുകൾ സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.