

ഡൽഹിയിൽ 20,000 അർധസൈനികർ ഒരു മാസം കൂടി തുടരും
ന്യൂഡൽഹി: പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്‍റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വിന്യസിച്ചിട്ടുള്ള 20,000 അർധസൈനികരെ കുറഞ്ഞത് ഒരു മാസത്തേക്ക് കൂടി നിലനിർത്തും. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വരാനിരിക്കുന്ന ഉത്സവകാലത്ത് വിപണികളിലും മറ്റ് പൊതുസ്ഥലങ്ങളിലും തിരക്ക് വർധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിലനിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം.
അതേസമയം, ഡൽഹിയിൽ പ്രതിഷേധങ്ങൾ നടത്തുന്നതിനായി മൂന്ന് പുതിയ വേദികൾ കൂടി തിങ്കളാഴ്ച നിശ്ചയിച്ചിട്ടുണ്ട്. രാംലീല മൈതാനം, ബുരാരി മൈതാനം, സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികൾ. ഇതുവരെ പ്രതിഷേധങ്ങൾക്ക് നിശ്ചയിച്ചിരുന്ന, നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലുള്ള ജന്തർ മന്തറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
പുതിയ പ്രതിഷേധ വേദികളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ വിശദമായ പരിശോധന പൂർത്തിയായതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നഗരത്തിലെ അതിർത്തികൾ, റെയ്ൽവേ സ്റ്റേഷനുകൾ, മറ്റ് പ്രധാന മേഖലകൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.