
7 സ്ഫോടനങ്ങൾ, 187 മരണം; മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിപ്പട്ടിക ശൂന്യം
file image
മുംബൈയിലെ സബർബൻ റെയിൽവേ ശൃംഖലയെ തകർത്ത് 187 പേരുടെ മരണത്തിനും 800 ലധികം പേർക്ക് പരുക്കേൽക്കുന്നതിനും കാരണമായ മുംബൈ സ്ഫോടന പരമ്പര നടന്നിട്ട് 19 വർഷം കഴിയുകയാണ്. അന്ന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയ 12 പ്രതികളെ ഇന്ന് കോടതി വെറുതെ വിട്ടിരിക്കുന്നു. ഇതോടെ മഹാദുരന്തത്തിന് പിന്നിൽ കാരണക്കാരില്ലാതാവുകയാണ്.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം (MCOCA) പ്രത്യേക കോടതി 2015 ൽ ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും ബാക്കിയുള്ള ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം സി. ചന്ദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രതികളെ വെറുടെ വിട്ടത്.
“പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽ, അവരുടെ ശിക്ഷ റദ്ദാക്കുകയും മാറ്റിവയ്ക്കുകയും ചെയ്യുന്നു.സ്ഫോടനത്തിൽ ഉപയോഗിച്ച ബോംബുകൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ ഇതു വരെ സാധിച്ചിട്ടില്ല. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങൾക്കും സ്ഫോടന വസ്തുക്കൾക്കും സ്ഫോടന പരമ്പരയുമായി ബന്ധമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
സ്ഫോടന പരമ്പര...
2006 ജൂലൈ 11 ന് വൈകുന്നേരം, ആയിരത്തോളം പേരുടെ ജീവിതത്തെ ബാധിച്ച ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നിന് മുംബൈ സാക്ഷ്യം വഹിച്ചു. വെസ്റ്റേൺ ലൈനിൽ സബർബൻ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്‍റുകളിൽ വൈകുന്നേരം 6.23 നും 6.28 നും ഇടയിൽ ഏഴ് ബോംബുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചു.
മാഹിം, ബാന്ദ്ര, മിറ റോഡ് എന്നിവിടങ്ങളിൽ വൈകുന്നേരം കൃത്യം 6:23 ന് ആദ്യ സ്ഫോടനങ്ങൾ നടന്നു. ബോറിവാലിയിൽ വൈകുന്നേരം 6:28 ന് അവസാന സ്ഫോടനം നടന്നു. ലോക്കൽ ട്രെയിനുകളിൽ കുക്കറുകളിലാക്കിയ നിലയിലാണ് ബോംബുകൾ വച്ചിരുന്നത്.
സ്ഫോടനങ്ങളുടെ ശക്തിയിൽ സ്റ്റീൽ കമ്പാർട്ടുമെന്‍റുകൾ കീറിമുറിച്ച് മൃതദേഹങ്ങൾ ട്രാക്കുകളിലും പ്ലാറ്റ്‌ഫോമുകളിലും വീണു. ആകെ 187 പേർ കൊല്ലപ്പെടുകയും 829 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാഹിമിലും ബോറിവാലിലും ട്രെയിനിനുള്ളിലെ യാത്രക്കാർ മാത്രമല്ല, പ്ലാറ്റ്‌ഫോമുകളിലും ചർച്ച്‌ഗേറ്റിലേക്ക് പോകുന്ന ട്രെയിനുകളിലും നിൽക്കുന്നവരും കൊല്ലപ്പെട്ടു.
ശിക്ഷാവിധികളും വിചാരണയും
നീണ്ട അന്വേഷണത്തിന് ശേഷം 13 പേരെ അറസ്റ്റ് ചെയ്ത് MCOCA പ്രകാരം വിചാരണ ചെയ്തു. 2015 സെപ്റ്റംബർ 30 ന് പ്രത്യേക കോടതി അഞ്ച് പേരെ (കമാൽ അഹമ്മദ് മുഹമ്മദ് വക്കീൽ അൻസാരി, മുഹമ്മദ് ഫൈസൽ അതൗർ റഹ്മാൻ ഷെയ്ഖ്, എഹ്തിഷാം ഖുതുബുദ്ദീൻ സിദ്ദിഖ്, നവീദ് ഹുസൈൻ ഖാൻ റഷീദ് ഹുസൈൻ ഖാൻ, ആസിഫ് ഖാൻ ബഷീർ ഖാൻ) വധശിക്ഷയ്ക്ക് വിധിച്ചു.
മറ്റ് ഏഴ് പേർക്ക് (തൻവീർ അഹമ്മദ്, മുഹമ്മദ് ഇബ്രാഹിം അൻസാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ് മർഗബ് അൻസാരി, മുസമ്മിൽ അതൗർ റഹ്മാൻ ഷെയ്ഖ്, സുഹൈൽ മെഹ്മൂദ് ഷെയ്ഖ്, സമീർ അഹമ്മദ് ലത്തീഫുർ റഹ്മാൻ ഷെയ്ഖ്) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
2015 ലെ വിചാരണയ്ക്കിടെ ഒരു പ്രതിയെ അബ്ദുൾ വാഹിദ് ദിൻ മുഹമ്മദ് ഷെയ്ഖ് മാത്രം കുറ്റവിമുക്തനാക്കി. 13 പ്രതികളിൽ ഒരാൾ അപ്പീൽ കാത്തിരിക്കുന്നതിനിടെ മരിച്ചിരുന്നു. ബാക്കി 12 പേരായിരുന്നു കേസിലെ പ്രതികൾ.