

2008 അഹമ്മദാബാദ് സ്ഫോടനം; ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: 2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടന പരമ്പര കേസിലെ പ്രതിയായ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ അഹമ്മദ് ബാവ എന്ന അബു അബൂബക്കർ ബാരെൽവിയുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, എ.ജി. മസിഹ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അഹമ്മദ് ബാവയുടെ ഹർജിയിലാണ് നടപടി. ഇതുസംബന്ധിച്ച് ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. വിചാരണ കോടതിയിലെ രേഖകൾ ഹാജരാക്കാനും സുപ്രീം കോടതി നിർദേശിച്ചു. കേസിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടന കേസിൽ ഇന്ത്യൻ മുജാഹിദീന്‍റെ 38 പ്രവർത്തകർക്ക് വിധിച്ച വധശിക്ഷ ജൂലൈ 7ന് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു. വൻതോതിലുള്ള ആൾനാശം, വിപുലമായ ഗൂഢാലോചന, വ്യാപകമായ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
മറ്റ് 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി ശരിവച്ചു. ഗുജറാത്തിലും കേരളത്തിലുമുൾപ്പെടെ നടന്ന ഭീകര പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തവും ഗൂഢാലോചനയ്ക്കുള്ള സഹായവും ഇവർ നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
2008 ജൂലൈ 26ന് 70 മിനിറ്റിനിടെ അഹമ്മദാബാദിലെ വിവിധ ഭാഗങ്ങളിൽ 21 ബോംബ് സ്ഫോടനങ്ങളാണ് ഉണ്ടായത്. 56 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച ആശുപത്രികളിലും സ്ഫോടനങ്ങൾ നടന്നിരുന്നു.
പ്രതികളുടെ അപ്പീലുകൾ ഹൈക്കോടതി തള്ളുകയും 2022 ഫെബ്രുവരിയിലെ പ്രത്യേക കോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു. 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും പ്രത്യേക കോടതി വിധിച്ചിരുന്നു.
പ്രതികൾക്കെതിരായ ക്രിമിനൽ പശ്ചാത്തലവും കേസിലെ പങ്കും ഭീകരപ്രവർത്തനമായി തെളിഞ്ഞതിനാൽ വധശിക്ഷയ്ക്ക് അർഹതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
പ്രതികളുടെ ശിക്ഷ നിർണയിക്കുമ്പോൾ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ പ്രത്യേക കോടതി പരിഗണിച്ചിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്ഫോടനങ്ങളിൽ ഉണ്ടായ മരണങ്ങൾ, ഗൂഢാലോചനയുടെ വ്യാപ്തി, സമൂഹത്തിൽ വ്യാപകമായ ഭീതിയുണ്ടാക്കാനുള്ള ലക്ഷ്യം, വിചാരണയ്ക്കിടയിലെ പ്രതികളുടെ പെരുമാറ്റം, നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടത് എന്നിവ വധശിക്ഷ ശരിവയ്ക്കുന്നതിനുള്ള കാരണങ്ങളായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികൾ ഭീകര പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതായും ഗൂഢാലോചനയ്ക്കായി ഉപയോഗിച്ച സ്കൂട്ടറുകൾ, പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, ക്ലോക്കുകൾ എന്നിവ ലഭ്യമാക്കുന്നതിലും മറ്റ് പ്രതികൾക്ക് താമസസൗകര്യം ഒരുക്കുന്നതിലും പങ്കാളികളായതായും കോടതി കണ്ടെത്തിയിരുന്നു.
പ്രതികൾക്ക് ചുമത്തിയ പിഴയും ഹൈക്കോടതി ശരിവച്ചു. കുറ്റകൃത്യത്തിന്‍റെ വ്യാപ്തി, പൊതുമുതലിനുണ്ടായ നാശനഷ്ടം, വലിയ തോതിലുള്ള മരണങ്ങളും പരുക്കുകളും എന്നിവ പരിഗണിച്ചായിരുന്നു നടപടി.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപയും ഗുജറാത്ത് സർക്കാർ 2027 മാർച്ച് 30നകം നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.
നിരോധിത സംഘടനയായ സ്റ്റുഡന്‍റസ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ (സിമി)യുടെ മുൻ നേതാവ് സഫ്ദർ നാഗോരിയും കേസിലെ പ്രതികളിൽ ഉൾപ്പെടുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, കേരളം, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികളാണ് കേസിലുണ്ടായിരുന്നത്.
35 പൊലീസ് കേസുകൾ സംയോജിപ്പിച്ചാണ് വിചാരണ നടത്തിയത്. അഹമ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ട 20 എഫ്ഐആറുകളും സൂറത്തിൽ കണ്ടെത്തിയ പൊട്ടാത്ത ബോംബുകളുമായി ബന്ധപ്പെട്ട 15 കേസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ആകെ 78 പേരാണ് വിചാരണ നേരിട്ടത്. ഇതിൽ 49 പേരെ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തി.
2022 ഫെബ്രുവരിയിലെ പ്രത്യേക കോടതി വിധിയിലൂടെ ഒരൊറ്റ കേസിൽ 38 പ്രതികൾക്ക് വധശിക്ഷ വിധിച്ചത് രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.
1991ലെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ 1998 ജനുവരിയിൽ തമിഴ്നാട്ടിലെ ടാഡ കോടതി 26 പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു.