മുംബൈയിലെ നാവികസേന ഡോക്ക്‌യാർഡിലെ രഹസ്യകേന്ദ്രങ്ങളുടെ 90 വിഡിയോകൾ പകർത്തി; 21കാരനായ ട്രെയ്നി അറസ്റ്റിൽ

'നാട്ടു3' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് നമ്പറിലൂടെയുമാണ് മീണ ബന്ധപ്പെട്ടതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ

21-year-old trainee arrested for recording 90 videos of sensitive locations at the Naval Dockyard in Mumbai.

മുംബൈയിലെ നാവികസേന ഡോക്ക്‌യാർഡിലെ രഹസ്യകേന്ദ്രങ്ങളുടെ 90 വിഡിയോകൾ പകർത്തി; 21കാരനായ ട്രെയ്നി അറസ്റ്റിൽ

Updated on: 

മുംബൈ: മുംബൈയിലെ നാവികസേനാ ഡോക്ക്‌യാർഡിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളുടെ 90 ഓളം വിഡിയോകൾ പകർത്തിയെന്ന കേസിൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായി 21കാരനായ ട്രെയ്നി. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍റുമാരെന്ന് സംശയിക്കുന്നവരുമായി ഗ്രൂപ്പ് കോളുകളിലും ഇയാൾ പങ്കെടുത്തതായി മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

നാവികസേനയുടെ കപ്പൽ അറ്റകുറ്റപ്പണിക്കും നിർമാണത്തിനുമുള്ള പ്രധാന കേന്ദ്രമായ ഡോക്ക്‌യാർ‌ഡിലെ അപ്രന്‍റീസായ ബണ്ടി രാംപ്രകാശ് മീണയാണ് അറസ്റ്റിലായത്. മുംബൈയിലെ കൊളാബയിലെ ബധ്വാർ പാർക്ക് സ്വദേശിയായ ഇയാളെ ബിഎൻഎസ്, ഔദ്യോഗിക രഹസ്യനിയമം, വിവരസാങ്കേതിക നിയമം എന്നിവ പ്രകാരമാണ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'നാട്ടു3' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് നമ്പറിലൂടെയുമാണ് മീണ ബന്ധപ്പെട്ടതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കപ്പൽ അറ്റകുറ്റപ്പണി കമ്പനികളിലെ ജീവനക്കാരെന്ന വ്യാജേന ചിലർ ഡോക്ക്‌യാർഡിൽ എത്തുന്ന നാവികസേനാ കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതായും പൊലീസ് സംശയിക്കുന്നു.

മീണയുടെ ബന്ധങ്ങൾ, ആശയവിനിമയങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഗ്രൂപ്പ് കോളുകളിൽ പങ്കെടുത്തവരുടെ വിവരവും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.