സെമികണ്ടക്റ്റർ മേഖലയോടുള്ള വാഗ്ദാനം പാലിച്ച് സർക്കാർ

സെമികോൺ 2.0ന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
Union Cabinet approves Semicon 2.0

സെമികോൺ 2.0ന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

Updated on

ഇന്ത്യയിലെ സെമികണ്ടക്റ്റർ ഡിസൈൻ, നിർമാണ മേഖലകളുടെ വികസനത്തിന് 1,27,500 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെയുള്ള സെമികോൺ 2.0ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ത്യയിലെ സെമികണ്ടക്റ്റർ മേഖലയ്ക്ക് സുസ്ഥിരവും ദീർഘകാലത്തേക്കുള്ളതുമായ പിന്തുണ നൽകേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞുള്ള ഈ തീരുമാനം സെമികോൺ 1.0ന് കീഴിലെ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരും. രാജ്യത്തെ ലോകത്തിന്‍റെ സെമികണ്ടക്റ്റർ ഭൂപടത്തിൽ എത്തിക്കുകയെന്ന കേന്ദ്ര സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധത കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ സെമികോൺ 2.0 ലക്ഷ്യമിടുന്നു. സെമികണ്ടക്റ്റർ മേഖലയെ ആറ് സ്തംഭങ്ങളിലായി സമഗ്രമായി കെട്ടിപ്പടുക്കാനാണ് സെമികോൺ 2.0 ഉന്നമിടുന്നത്.

ഒന്നാം സ്തംഭം- ഡിസൈൻ: ചിപ്പ് ഡിസൈനിൽ കൈവരിച്ച പ്രാരംഭ വിജയത്തിന്‍റെ ചുവടുപിടിച്ചായിരിക്കും സെമികോൺ 2.0 മുന്നോട്ടുപോകുക. 105 സ്റ്റാർട്ടപ്പുകൾ ഇതിനകം തന്നെ ചിപ്പുകൾ വികസിപ്പിക്കാൻ ആരംഭിച്ച സാഹചര്യത്തിൽ രൂപകൽപ്പനാ മേഖല കൂടുതൽ ആഴത്തിലാക്കുന്നതിലാണ് ഊന്നൽ നൽകുന്നത്. കൂടാതെ തന്ത്രപ്രധാനവും വാണിജ്യപരവുമായ ഉത്പന്നങ്ങളുടെ വികസനത്തിനായുള്ള നിർമാണ ഘടകങ്ങൾ നിർണയിച്ചിട്ടുണ്ട്. സെമികോൺ 2.0ന് കീഴിൽ ഈ സമീപനത്തിലൂടെ ഐപികളും ചിപ്പുകളുടെയും സിസ്റ്റങ്ങളുടെയും രൂപകൽപ്പനകളും വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സെമികോൺ 2.0 പ്രകാരമുള്ള പ്രവർത്തനങ്ങൾ ഇന്ത്യയെ ഒരു പ്രധാന സെമികണ്ടക്റ്റർ ചിപ്പ് ഡിസൈൻ ഐപി രാജ്യമായി പ്രതിഷ്ഠിക്കും.

രണ്ടാം സ്തംഭം- യന്ത്രങ്ങളും അസംസ്‌കൃത വസ്തുക്കളും: സെമികണ്ടക്റ്ററുകളുടെ നിർമാണത്തിന് ആവശ്യമായ യന്ത്രങ്ങളുടെ നിർമാണത്തിലും ഗവേഷണ-വികസന പ്രവർത്തനങ്ങളിലും അതുപോലെ അസംസ്‌കൃത വസ്തുക്കൾ, രാസവസ്തുക്കൾ, വാതകങ്ങൾ എന്നിവയുടെ നിർമാണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകും. ഇതു സെമികണ്ടക്റ്റർ വ്യവസായത്തിന്‍റെ സുസ്ഥിര വളർച്ചയ്ക്ക് അടിത്തറയിടും. നമ്മുടെ രാജ്യത്ത് പ്രിസിഷൻ മാനുഫാക്ചറിങ് (കൃത്യതയാർന്ന നിർമാണം) വ്യവസായം വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും.

മൂന്നാം സ്തംഭം- കൂടുതൽ ഫാബുകൾ സ്ഥാപിക്കൽ: ആദ്യത്തെ ഫാബ് (നിർമാണ യൂണിറ്റ്) 2028ൽ കമ്മിഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ലോകം ഇന്ത്യയുടെ സെമികണ്ടക്റ്റർ തന്ത്രത്തിൽ കൂടുതൽ വിശ്വാസമർപ്പിക്കുന്നു. ഇന്ത്യയിലേക്ക് വരാനും ചിപ്പുകൾ നിർമിക്കുന്നതിനുമായി ഫാബുകൾ സ്ഥാപിക്കാനും കൂടുതൽ നിർമാതാക്കളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. ഇതിൽ സിലിക്കൺ ഫാബുകൾ, കോംപൗണ്ട് സെമികണ്ടക്റ്റർ ഫാബുകൾ, ഡിസ്‌ക്രീറ്റ് കംപോണന്‍റ് ഫാബുകൾ, ഡിസ്‌പ്ലേ ഫാബുകൾ തുടങ്ങിയവ ഉൾപ്പെടും.

നാലാം സ്തംഭം- എടിഎംപി/ഒഎസ്എടി വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തൽ: എടിഎംപി (അസംബ്ലി, ടെസ്റ്റിങ്, മാർക്കിങ്, പാക്കെജിങ്) യൂണിറ്റുകളുടെ വിജയത്തോടെ എടിഎംപി/ഒഎസ്എടി (ഔട്ട്സോഴ്സ്ഡ് സെമികണ്ടക്റ്റർ അസംബ്ലി ആൻഡ് ടെസ്റ്റ് )യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു ബദൽ കേന്ദ്രമായി ലോകം ഇപ്പോൾ ഇന്ത്യയെ നോക്കിക്കാണുന്നു. ഏറ്റവും ആധുനികമായ ചില എടിഎംപി സാങ്കേതികവിദ്യകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇവയെ സജീവമായി പ്രോത്സാഹിപ്പിക്കും.

അഞ്ചാം സ്തംഭം- ഗവേഷണവും വികസനവും: 28എൻഎം-110എൻഎം നോഡിലൂടെയാണ് സെമികണ്ടക്റ്റർ പ്രയാണം ആരംഭിച്ചത്. ഇപ്പോൾ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖ ഗവേഷണ-വികസന കേന്ദ്രങ്ങളുമായി സഹകരിച്ച് കൂടുതൽ ആധുനികമായ നോഡുകളും മറ്റ് നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആറാം സ്തംഭം- പ്രതിഭാ വിപുലീകരണം: ഏറ്റവും പുതിയ ‌ ഇഡിഎ (ഇലക്‌ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ) ടൂളുകൾ ഉപയോഗിച്ച് സങ്കീർണമായ ചിപ്പ് രൂപകൽപ്പന പരിശീലിപ്പിക്കുന്ന 315 സർവകലാശാലകളിലൂടെ ഇതിനകം തന്നെ ഏകദേശം 68,000 വിദ്യാർഥികൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഇത് ഇനിയും വികസിപ്പിക്കുകയും കോളെജ് പഠനകാലത്ത് തന്നെ പരിശീലനത്തിന്‍റെ നിലവാരം കൂടുതൽ ആഴത്തിലുള്ളതാക്കുകയും ചെയ്യും. കൂടാതെ ക്ലീൻ റൂം, ഫാബ് നിർമാണം, മറ്റ് അനുബന്ധ പരിശീലനങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കുന്നതിൽ ഈ വ്യവസായ മേഖലയെ സജീവമായി പങ്കാളികളാക്കുകയും ചെയ്യും.

കൂടാതെ സെമികോൺ 2.0 എല്ലാ മേഖലകളിലുമുള്ള സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും മെച്ചപ്പെട്ട വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയിലൂടെ ദേശീയ സുരക്ഷ ശക്തമാക്കുകയും നിർണായക മേഖലകളിൽ സാങ്കേതിക നേതൃത്വം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും. സമ്പൂർണ മേഖല കെട്ടിപ്പടുക്കുന്നതിനുള്ള ഈ സമീപനം ഇന്ത്യയിലെ സെമികണ്ടക്റ്റർ രൂപകൽപ്പനയ്ക്കും നിർമാണത്തിനും ഉത്തേജനം നൽകും.

ഐഎസ്എം 1.0ന്‍റെ പുരോഗതി

നിർമാണം: ഇതുവരെ 1.64 ലക്ഷം കോടിയിലധികം രൂപയുടെ സഞ്ചിത നിക്ഷേപമുള്ള 12 നിർമാണ യൂണിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു സിലിക്കൺ ഫാബ്, ഒരു സിലിക്കൺ കാർബൈഡ് ഫാബ്, ഒരു സംയോജിത ഗാലിയം നൈട്രൈഡ് മൈക്രോ എൽഇഡി ഡിസ്‌പ്ലേ ഫാബ്, 9 പാക്കെജിങ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഇവ ഉപഭോക്തൃ ഉപകരണങ്ങൾ, വ്യാവസായിക ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈലുകൾ, പവർ ഇലക്‌ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻസ്, എയ്‌റോസ്‌പേസ് തുടങ്ങിയ മേഖലകളിലെ ചിപ്പ് ആവശ്യങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. അംഗീകാരം ലഭിച്ച 12 നിർദേശങ്ങളിൽ മൈക്രോൺ, കെയ്ൻസ്, സിജി സെമി എന്നീ മൂന്ന് കമ്പനികൾ വാണിജ്യ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു, കൂടാതെ ഒരു കമ്പനി കൂടി ഈ വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസൈൻ: സ്റ്റാർട്ടപ്പുകളിൽ നിന്നും ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ (എംഎസ്എംഇ) നിന്നുമുള്ള 24 സെമികണ്ടക്റ്റർ ഡിസൈൻ പദ്ധതികൾക്ക് സാമ്പത്തിക സഹായത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. അതോടൊപ്പം 105 സ്റ്റാർട്ടപ്പുകൾക്കും/എംഎസ്എംഇകൾക്കും വ്യാവസായിക നിലവാരത്തിലുള്ള ഇഡിഎ ടൂളുകൾ ഉപയോഗിക്കാനുള്ള അനുമതിയും നൽകി. സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, ഡ്രോണുകൾ, നിരീക്ഷണ ക്യാമറകൾ, ഇന്‍റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) ഉപകരണങ്ങൾ, എൽഇഡി ഡ്രൈവറുകൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സംവിധാനങ്ങൾ, ടെലികോം ഉപകരണങ്ങൾ, സ്മാർട്ട് മീറ്ററുകൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനവും വാണിജ്യപരവുമായ വിവിധ ആവശ്യങ്ങൾക്കായുള്ള ചിപ്പുകളും എസ്‌ഒസികളും (സിസ്റ്റം ഓൺ ചിപ്പ്) രൂപകൽപ്പന ചെയ്യുന്നതിൽ ഈ കമ്പനികൾ ഏർപ്പെട്ടിരിക്കുന്നു. രൂപകൽപ്പനയുടെയും വികാസത്തിന്‍റെയും വിവിധ ഘട്ടങ്ങളിലാണ് ഈ കമ്പനികൾ. വിജയകരമായ പ്രോട്ടോടൈപ്പിങ്ങിനുശേഷം ഇവ വിന്യാസ ഘട്ടത്തിലേക്ക് പ്രവേശിക്കും

logo
Metro Vaartha
www.metrovaartha.com