മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; ഹിമാചൽ പ്രദേശില്‍ 23 മരണം | Video

സംസ്ഥാനത്തെ 259 റോഡുകള്‍ അടച്ചു; വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നു

മാണ്ഡി: തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ ഹിമാചല്‍ പ്രദേശിൽ പ്രളയം. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും അപകടങ്ങളുണ്ടായി.

ഗുരുതരമായ അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ 259 റോഡുകള്‍ അടച്ചതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ റിപ്പോര്‍ട്ട് ചെയ്തു. അതസമയം, ജൂൺ 20 മുതൽ ആരംഭിച്ച മൺസൂൺ മഴ‍യിൽ ഇതുവരെ 23 പേർ മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.

മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടനുമുണ്ടായത് മാണ്ഡിയിലാണ്. പ്രദേശത്ത് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചൊവ്വാഴ്ച ഒരാൾ മരിക്കുകയും 13 ഓളം പേരെ കാണാതാവുകയും ചെയ്തതായി മാണ്ഡി ഡെപ്യൂട്ടി കമ്മീഷണർ അപൂർവ് ദേവ്ഗൺ പറഞ്ഞു. കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളും രേഖപ്പെടുത്തി. നിരവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. റോഡുകളും വാഹനങ്ങളും ഒലിച്ചുപോയതായും വീടുകൾക്കും കൃഷിഭൂമിക്കും നാശനഷ്ടമുണ്ടായതായും ഡെപ്യൂട്ടി കമ്മീഷണർ പറയുന്നു.

മാണ്ഡിയിലെ എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്. ബിയാസ് നദിയിലെ പാണ്ഡോ അണക്കെട്ടിൽ നിന്നും 1.5 ലക്ഷത്തിലധികം ക്യൂസെക്സ് വെള്ളം തുറന്നുവിട്ടു. പാണ്ഡോ അണക്കെട്ടിന്‍റെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 2,922 അടിയിലെത്തി.

അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയതായി മണ്ടി പൊലീസ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചമ്പ, ഹാമിർപൂർ, മണ്ടി, ഷിംല, സിർമൗർ, സോളൻ എന്നീ 6 ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com