
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ വംശീയ അധിക്ഷേപവും ക്രൂര പീഡനവും; തലച്ചോറിനടക്കം പരുക്ക്
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയൻ നഗരമായ അഡ‌്‌ലെയ്ഡയിൽ ഇന്ത്യൻ വിദ്യാർഥി വംശീയ അധിക്ഷേപത്തിനും ക്രൂര ആക്രമണത്തിനും ഇരയായതായി റിപ്പോർട്ടുകൾ. ശനിയാഴ്ച സെൻട്രൽ അഡ‌്‌ലെയ്ഡിലാണ് സംഭവം. 23 കാരനായ ഇന്ത്യൻ വിദ്യാർഥിയെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂര മർദനത്തിന് ഇരയാക്കുകയായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പിന്നാലെ ഓസ്ട്രേലിയയിലെ ഇന്ത്യൻ വിദ്യാർഥികൾ ഭയത്തിലാണ്.
ശനിയാഴ്ച രാത്രി 9 മണിയോടെ സെൻട്രൽ അഡ്‌ലെയ്ഡിലെ കിന്‍റോർ അവന്യൂവിന് സമീപം ഇല്ല്യൂമിനേറ്റ് ലൈറ്റ് ഇൻസ്റ്റാളേഷനുകൾ കാണാൻ എത്തിയതായിരുന്നു ഇന്ത്യക്കാരനായ ചരൺപ്രീത് സിംഗും ഭാര്യയും. പ്രദേശത്ത് ഇവർ വാഹനം പാർക്ക് ചെയ്തതിനു പിന്നാലെ ആയുധങ്ങളുമായി അഞ്ചംഗ സംഘം എത്തി രാജ്യത്തെ അധിക്ഷേപിക്കുകയും ക്രൂരമായി അക്രമിക്കുകയുമായിരുന്നു.
സിങ്ങിനെ കാറിന്‍റെ ജനലുകൾ ചവിട്ടിയും ആയുധങ്ങളുപയോഗിച്ചും ആക്രമിക്കുകയായിരുന്നു. സിങ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ബോധം കെടും വരെ അക്രമികൾ മർദിച്ചതായാണ് റിപ്പോർട്ടുകൾ.
പിന്നാലെ സിങ്ങിനെ റോയൽ അഡലെയ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ അദ്ദേഹത്തിന് മസ്തിഷ്കാഘാതം, മുഖത്ത് ഒന്നിലധികം ഒടിവുകൾ, മൂക്കിൽ ഒടിവ്, കണ്ണിന് ഗുരുതരമായ പരുക്കുകൾ എന്നിവ ഉണ്ടായതായാണ് വിവരം. അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച, എൻഫീൽഡിൽ നിന്നും 20 വയസുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്. സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനോസ്‌കാസ് അക്രമത്തെ ശക്തമായി അപലപിച്ചു. നമ്മുടെ രാജ്യത്ത് ഇത്തരമൊരു പ്രവർത്തി ഉണ്ടായതിൽ ഖേദിക്കുന്നതായും അക്രമികൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.