1,000 മാവോയിസ്റ്റുകൾക്ക് 24,000 ജവാൻമാർ

ഛത്തിസ്ഗഡിലെ കരേഗുട്ടയിൽ രക്ഷാസേനയുടെ വൻ നീക്കം
24000 jawans surround 1000 Maoists

1,000 മാവോയിസ്റ്റുകൾക്ക് 24,000 ജവാൻമാർ

Representative image

Updated on

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരേ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കം നടത്തി രക്ഷാസേന. തെലങ്കാന- ഛത്തിസ്ഗഡ് അതിർത്തിയിലെ കരേഗുട്ട മലകളിൽ താവളമുറപ്പിച്ച 1000ലേറെ നക്സലുകളെ പൂർണമായും രക്ഷാ സേന വളഞ്ഞു.

800 ചതുരശ്ര കിലോമീറ്റർ വരുന്ന വനമേഖലയിൽ മുതിർന്ന കമാൻഡർമാരുൾപ്പെടെയാണു തമ്പടിച്ചിട്ടുള്ളത്. സിആർപിഎഫ്, ഛത്തിസ്ഗഡ്, തെലങ്കാന പൊലീസ് തുടങ്ങി വിവിധ സേനകളിൽ നിന്നായി 24000ഓളം ജവാന്മാർ ഒരാഴ്ചയിലേറെയായി ഈ പ്രദേശം പൂർണമായി വളഞ്ഞിരിക്കുകയാണ്. ഇവർ ഓരോ ദിവസവും ക്രമത്തിൽ മുന്നേറുന്നുമുണ്ട്.

കീഴടങ്ങിയില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്നാണു നക്സലുകൾക്ക് രക്ഷാസേനയുടെ മുന്നറിയിപ്പ്. വനമേഖലയിലാകെ കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ട് നക്സലുകൾ. അതിനാൽ, ഓരോ അടിയും പരിശോധിച്ചു മാത്രമാണു സേനയുടെ മുന്നേറ്റം.

ബങ്കറുകളും സ്വാഭാവിക ഗുഹകളുമടക്കം മാവോയിസ്റ്റുകളുടെ ഒളിയിടങ്ങൾ പലതും ഇതിനകം കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായി. ഇവിടെ നിന്നു വൻതോതിൽ ആ‍യുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഇവയുടെ പട്ടിക തയാറാക്കിവരികയാണെന്നു സൈനികവൃത്തങ്ങൾ.

ഛത്തിസ്ഗഡിലെ തെക്കൻ ബസ്തറിൽ ബീജാപുർ ജില്ലയുടെ തെക്കുപടിഞ്ഞാറാണു കരേഗുട്ട മലകൾ. കഴിഞ്ഞയാഴ്ച ഇവിടെ മാവോയിസ്റ്റുകളും സേനയുമായി പലയിടത്തും ഏറ്റുമുട്ടലുണ്ടായി. മൂന്നു മാവോയിസ്റ്റ് വനിതകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ, അതിലപ്പുറം തിരിച്ചടി മാവോയിസ്റ്റുകൾക്കുണ്ടായെന്നാണ് കരുതുന്നത്.

എന്തു സംഭവിച്ചാലും മാവോയിസ്റ്റുകളെ ഇവിടെ നിന്ന് ഇല്ലായ്മ ചെയ്യുമെന്നു മുതിർന്ന സൈനികവൃത്തങ്ങൾ വ്യക്തമാക്കി. 2026 മാർച്ച് 31ന് രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com