

വാട്ടർ എടിഎം (പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ശുദ്ധമായ കുടിവെള്ളം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി 250 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. 58 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് ഡൽഹി ജൽ ബോർഡ് യോഗത്തിൽ അംഗീകാരം നൽകിയതായി ജലമന്ത്രി പർവേഷ് സാഹിബ് സിങ് ബുധനാഴ്ച അറിയിച്ചു.
ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളുകളിലാണ് വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുക. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനൊപ്പം, മലിനജല സംസ്കരണ ശേഷി വർധിപ്പിക്കുന്നതിനായി ഏകദേശം 2,000 കോടി രൂപ ചെലവിൽ 15 വികേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിക്കാനും ഡൽഹി ജൽ ബോർഡ് അംഗീകാരം നൽകി. ഇതിലൂടെ നഗരത്തിന്‍റെ ആകെ മലിനജല ശുദ്ധീകരണ ശേഷി പ്രതിദിനം ഏകദേശം 103.5 മില്യൺ ഗാലൺ വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
യമുന നദിയിലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായും പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. യമുനയിലെ മലിനീകരണത്തിന് പ്രധാന കാരണങ്ങളിലൊന്നായ നജഫ്ഗഡ് ഡ്രെയിനിലും ഡൽഹി ഗേറ്റ് ഡ്രെയിനിലും മലിനജല ശുദ്ധീകരണ സംവിധാനം നടപ്പാക്കാൻ 65 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. മൂന്ന് വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമായിരിക്കും കരാറുകാരന് പണം നൽകുക.
അടുത്തിടെ അസംസ്കൃത ജലത്തിന്‍റെ ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഡൽഹിയിൽ കുടിവെള്ള വിതരണത്തിൽ തടസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ വസീറാബാദ് പോണ്ടേജ് മേഖലയെ പുനരുജ്ജീവിപ്പിച്ച് അസംസ്കൃത ജല സംഭരണശേഷി വർധിപ്പിക്കുന്ന പദ്ധതിക്കും അംഗീകാരം നൽകി. നിലവിൽ ഒരു ദിവസത്തേക്കുള്ള ജലസംഭരണ ശേഷി രണ്ടോ മൂന്നോ ദിവസത്തേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൂടാതെ, മുനക് റെഗുലേറ്ററിൽ നിന്ന് ഹൈദർപൂരിലേക്ക് 1,050 ക്യൂസെക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രീ-ഫീസിബിലിറ്റി പഠനത്തിനും ഡൽഹി ജൽ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഐഐടി റൂർക്കിയാണ് പഠനം നടത്തുക. പദ്ധതിയുടെ ഏകദേശ ചെലവ് 7,240 കോടി രൂപയായിരിക്കുമെന്നാണ് കണക്ക്.
കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തുന്നതിനും മലിനജല സംസ്കരണ ശേഷി വർധിപ്പിക്കുന്നതിനും യമുന നദിയുടെ മലിനീകരണം കുറയ്ക്കുന്നതിനുമായി ഡൽഹി സർക്കാർ നടപ്പാക്കുന്ന സുപ്രധാന പദ്ധതികളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.