26/11: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടും

റാണയുടെ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളി.
26/11: tahavor rana will be extradited to india
തഹാവൂർ റാണ
Updated on

ന്യൂഡല്‍ഹി: 26/11 മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി. കീഴ്‌ക്കോടതി ഉത്തരവിനെതിരേ തഹാവൂർ റാണ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണു യുഎസിലെ പരമോന്നത കോടതിയുടെ ഉത്തരവ്. ഇതോടെ, ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരേ തഹാവൂർ റാണ നടത്തിയ നിയമപോരാട്ടങ്ങൾക്ക് അവസാനമായി. കുറ്റവാളി കൈമാറ്റക്കരാർ പ്രകാരം റാണയെ ഇന്ത്യൻ ഏജൻസികൾക്ക് ലഭ്യമാകും.

166 പേരെ കൂട്ടക്കൊലയ്ക്കിരയാക്കിയ ഭീകരാക്രമണമുണ്ടായി 16 വർഷം പിന്നിടുമ്പോഴാണ് ആസൂത്രകരിലെ പ്രധാനിയെ ഇന്ത്യയ്ക്ക് ലഭ്യമാകുന്നത്. സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്‌കർ ഇ തൊയ്ബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്.

ഇരുവരും ചേർന്നാണ് ആക്രമിക്കേണ്ട സ്ഥലങ്ങളുടെ രൂപരേഖയടക്കം തയാറാക്കിയത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാക് നേതൃത്വത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും റാണയെ ചോദ്യം ചെയ്യുന്നതിലൂടെ അറിയാനാകും. പാക് ‌വംശജനായ കനേഡിയൻ പൗരന്‍ റാണയെ കൈമാറണമെന്ന് ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ, സാൻ ഫ്രാൻസിസ്കോയിലെ യുഎസ് കോടതി ഒഫ് അപ്പീൽസ് ഫൊർ ദി നോർത്ത് സർക്യൂട്ട് ഉൾപ്പെടെ നിരവധി ഫെഡറൽ കോടതികളിൽ നടന്ന നിയമയുദ്ധത്തിൽ റാണ പരാജയപ്പെട്ടിരുന്നു.

നവംബർ 13ന് റാണ യുഎസ് സുപ്രീം കോടതിയിൽ "റിട്ട് ഓഫ് സെർട്ടിയോരാരിക്ക് വേണ്ടിയുള്ള ഹർജി" ഫയൽ ചെയ്‌തിരുന്നു. എന്നാൽ ഡോണാൾഡ് ട്രംപ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്‌ത് ഒരു ദിവസത്തിന് ശേഷം ജനുവരി 21ന് സുപ്രീം കോടതി ഈ ഹർജി തള്ളി. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രൊപൊളിറ്റൻ തടവുകേന്ദ്രത്തിലാണ്.

2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ഒക്റ്റോബറിൽ അറസ്‌റ്റിലായ റാണ 168 മാസം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com