നിയമം ലംഘിച്ചാൽ പരിരക്ഷയില്ല; മെറ്റയോടു കേന്ദ്രം

കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിക്കുന്നതുൾപ്പെടെ നിയമലംഘനങ്ങളിൽ ഒരു നിയമപരിരക്ഷയും ലഭിക്കില്ലെന്നു സമൂഹമാധ്യമ ഭീമൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ മുന്നറിയിപ്പ്
There is no protection if the law is violated; Center tells Meta

നിയമം ലംഘിച്ചാൽ പരിരക്ഷയില്ല; മെറ്റയോടു കേന്ദ്രം

Updated on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിക്കുന്നതുൾപ്പെടെ നിയമലംഘനങ്ങളിൽ ഒരു നിയമപരിരക്ഷയും ലഭിക്കില്ലെന്നു സമൂഹമാധ്യമ ഭീമൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ മുന്നറിയിപ്പ്. മെറ്റ പ്രതിനിധികളുമായി തുടരുന്ന ചർച്ചയിലാണു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സിഎസ്എഎം) തടയാൻ മെറ്റ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നതു പരിഗണിക്കുമ്പോൾ പോലും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചാൽ സ്ഥാപനത്തിനും ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയുണ്ടാകുമെന്നാണു കേന്ദ്രം അറിയിച്ചത്.

വ്യവസ്ഥകൾക്ക് വിധേയമായി മൂന്നാം കക്ഷി ഉള്ളടക്കത്തിന്‍റെ ബാധ്യതകളിൽ നിന്ന് ഇടനിലക്കാർക്ക് പരിരക്ഷ നൽകുന്ന ഇൻഫൊർമേഷൻ ടെക്‌നോളജി നിയമത്തിലെ സേഫ്-ഹാർബർ പരിരക്ഷയുടെ കാര്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. നിയമം ലംഘിച്ചാൽ സേഫ് ഹാർബർ പരിരക്ഷ ഉണ്ടാകില്ലെന്ന് ഐടി വകുപ്പ് വ്യക്തമാക്കി. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളെ സെൻസർ ചെയ്യുകയോ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയോ അല്ല ലക്ഷ്യമെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണം, ഉള്ളടക്ക മോഡറേഷനിൽ പ്രാദേശിക വിഷയങ്ങളടക്കം പരിഗണിക്കണം, രാജ്യത്തിന്‍റെ ഭാഷാ- സാംസ്‌കാരിക വൈവിധ്യങ്ങളോട് കൂടുതൽ സംവേദനക്ഷമത പുലർത്തണം തുടങ്ങിയ നിർദേശങ്ങളും കേന്ദ്രം മുന്നോട്ടുവച്ചു.

എഐയുടെ സഹായത്തോടെ സൃഷ്ടിച്ച ഡീപ് ഫേക്കുകളെക്കുറിച്ചും സമാനമായ ഉള്ളടക്കങ്ങളെക്കുറിച്ചും സർക്കാർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് കൃത്രിമ ഉള്ളടക്കവും യഥാർഥ ഉള്ളടക്കവും വ്യക്തമായി തിരിച്ചറിയാൻ കഴിയണം. ഇതിന് സഹായകമാകുംവിധം എഐ സഹായത്തോടെ സൃഷ്ടിച്ചവ വ്യക്തമായി ലേബൽ ചെയ്യണം. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലുടനീളം കേന്ദ്ര സർക്കാർ ഈ വിഷയങ്ങൾ നിരീക്ഷണ വിധേയമാക്കുന്നത് തുടരുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.വാട്സാപ്പ് യൂസർനെയിം മറച്ചുവയ്ക്കാനുള്ള പുതിയ ഫീച്ചറിനെക്കുറിച്ചും കേന്ദ്രം ആശങ്ക അറിയിച്ചു. നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയൊ നീക്കം ചെയ്തതിലും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിലുമടക്കം മെറ്റ ആഗോള മേധാവി ജോയൽ കപ്ലാൻ കേന്ദ്രത്തോടു മാപ്പു പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com