
ബ്രിട്ടൻ സന്ദർശനത്തിനിടെ പെന്നിക്വിക്കിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഭാര്യ ദുർഗ സ്റ്റാലിനും.
ലണ്ടനിലെ കേംബർലി പട്ടണത്തിൽ പെന്നിക്വിക്കിന്‍റെ പ്രതിമ സ്ഥാപിച്ച തമിഴ്‌നാട് സർക്കാരിന്‍റെ നടപടിക്ക് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ സ്റ്റാലിനോട് നന്ദി അറിയിച്ചു...
ചെന്നൈ: തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനു വേണ്ടി നടത്തിയ വിദേശപര്യടനത്തിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശിൽപ്പി കേണൽ ജോൺ പെന്നിക്വിക്കിന്‍റെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ കൂടിക്കാഴ്ച. ലണ്ടനിലെത്തിയ സ്റ്റാലിനെ കാണാൻ പെന്നിക്വിക്കിന്‍റെ പിന്മുറക്കാർ നേരിട്ടെത്തുകയായിരുന്നു. ലണ്ടനിലെ കേംബർലി പട്ടണത്തിൽ പെന്നിക്വിക്കിന്‍റെ പ്രതിമ സ്ഥാപിച്ച തമിഴ്‌നാട് സർക്കാരിന്‍റെ നടപടിക്ക് അവർ സ്റ്റാലിനോട് നന്ദി അറിയിച്ചു.
പെന്നിക്വിക്കിന്‍റെ കുടുംബാഗങ്ങളുടെ മറ്റുള്ള ആവശ്യങ്ങൾ ഇനിയും അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായി സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ വർഷമാണ് തമിഴ്‌നാട് സർക്കാർ ലണ്ടനിൽ പെന്നിക്വിക്കിന്‍റെ പ്രതിമ സ്ഥാപിച്ചത്. ലണ്ടനിലെ തമിഴ് പ്രവാസികളാണ് ഇതിനായി ബ്രിട്ടീഷ് നിയമപ്രകാരം സെന്‍റ് പീറ്റേഴ്സ് പള്ളിയിൽനിന്ന് അനുമതി വാങ്ങുകയായിരുന്നു.
ബ്രിട്ടിഷ് ഭരണകാലത്ത് 1895ലാണ് പെരിയാറിലെ വെള്ളം തമിഴ്നാട്ടിലേക്കു തിരിച്ചുവിടാൻ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമിച്ചത്. ഒരു ഘട്ടത്തിൽ കനത്ത മഴയെത്തുടർന്ന് അതുവരെ നിർമാണം പൂർത്തിയായ ഭാഗങ്ങളും നിർമാണ സാമഗ്രികളും ഒഴുകിപ്പോകുകയും തൊഴിലാളികൾക്ക് ജീവാപായമുണ്ടാകുകയും ചെയ്തതോടെ ബ്രിട്ടിഷ് സർക്കാർ ധനസഹായം നിർത്തിവച്ചു.
പിന്മാറാൻ തയാറാകാത്ത പെന്നിക്വിക്ക് യുകെയിലേക്കു പോയി തന്‍റെ കുടുംബ സ്വത്ത് വിറ്റ് അണക്കെട്ട് നിർമാണം പൂർത്തിയാക്കുകയായിരുന്നു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡിഗൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ കൃഷിക്കും കുടിവെള്ളത്തിനും ജനങ്ങൾ ആശ്രയിക്കുന്നത് വൈഗ നദിയിലൂടെയെത്തുന്ന പെരിയാർ ജലമാണ്.
1841 നവംബർ 15നാണ് ജനനം. ആഡിസ്കോമ്പിലെ മിലിട്ടറി കോളെജിൽ പഠനം. 1858ൽ ബ്രിട്ടന്‍റെ റോയൽ എൻജിനീയറിങ്ങിൽ ജോലി നേടി. 1860 നവംബർ 11ന് ഇന്ത്യയിലെത്തി. 1870ൽ മിലിട്ടറി സേനയുടെ തലപ്പത്തെത്തി. 1882ൽ മുല്ലപ്പെരിയാർ ഡാം നിർമാണത്തിന് ചീഫ് എൻജിനീയറായി മേൽനോട്ടം ഏറ്റെടുത്തു. 1895ൽ ഡാം നിർമാണം സാഹസികമായി പൂർത്തിയാക്കി.
ഈ എൻജിനീയറുടെ പ്രതിമയും ഫലകവും മുല്ലപ്പെരിയാർ അണക്കെട്ടിലും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. തേനി ജില്ലയിൽ മുല്ലപ്പെറിയാറിൽ നിന്നു വെള്ളമെത്തുന്ന ലോവർ ക്യാംപിൽ പെന്നിക്വിക്കിന് സ്മാരകമുണ്ട്. തേനി ബസ് ടെർമിനലിന് ഇദ്ദേഹത്തിന്‍റെ പേരാണ് നൽകിയിരിക്കുന്നത്.
അതേസമയം, വിദേശപര്യടനത്തിൽ 10 പുതിയ കമ്പനികളെയുൾപ്പെടെ 23 കമ്പനികളെ തമിഴ്നാട്ടിലേക്ക് ആകർഷിക്കാനായെന്നു സ്റ്റാലിൻ. കൊവിഡ് വാക്സിൻ നിർമിച്ച അസ്ട്രസെനേകയും ഹിന്ദുജ ഗ്രൂപ്പും ഉൾപ്പെടെ കമ്പനികൾ 15,516 കോടിയുടെ നിക്ഷേപ കരാർ ഒപ്പുവച്ചു. 17,613 പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം.