ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർഥികളുടെ വിധിയാണ് നിർണയിക്കപ്പെടുന്നത്. ജമ്മുവിലും കശ്മീരിലും മൂന്നു ജില്ലകളിൽ വീതം നടക്കുന്ന വോട്ടെടുപ്പിന് കനത്ത സുരക്ഷ ഏർപ്പെടുത്തി.
ആകെ 3502 പോളിങ് സ്റ്റേഷനുകളാണുള്ളത്. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജെകെപിസിസി അധ്യക്ഷൻ താരിഖ് ഹമീദ് കാര, ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണു പോളിങ്.
ഒന്നാംഘട്ടം 18ന് 24 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പു നടന്നിരുന്നു. ഒക്റ്റോബർ ഒന്നിന് മൂന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന 40 മണ്ഡലങ്ങളിൽ പോളിങ് നടക്കും.