ഡോക്റ്ററുടെ ഉപദേശം കൂടാതെ മരുന്ന് കഴിക്കുന്നത് അപകടകരം.
freepik.com
ന്യൂഡൽഹി: രാജ്യവ്യാപകമായി ചുമ മരുന്നുകളുടെ നിർമാണ യൂണിറ്റുകൾ കേന്ദ്രീകരിച്ച് വിശദ പരിശോധനയ്ക്ക് കേന്ദ്ര ഏജൻസിയായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) തുടക്കമിട്ടു. തങ്ങളുടെ പരിധിയിലുള്ള മുഴുവൻ കഫ് സിറപ്പ് നിർമാതാക്കളെക്കുറിച്ചും വിവരം നൽകാൻ കേന്ദ്ര ഏജൻസി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി കഫ് സിറപ്പ് കഴിച്ച 20ലേറെ കുട്ടികൾ വൃക്ക തകരാറുണ്ടായി മരണമടഞ്ഞതിനെത്തുടർന്നാണു നടപടി.
ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ അവതരിപ്പിച്ച കറക്റ്റിവ് ആൻഡ് പ്രിവന്‍റിവ് ആക്‌ഷ (സിഎപിഎ) മാർഗനിർദേശങ്ങൾ ഇതുവരെ ഒരു സംസ്ഥാനവും പൂർണമായി പാലിച്ചിട്ടില്ലെന്നു സിഡിഎസ്‌സിഒ വൃത്തങ്ങൾ പറഞ്ഞു.
മരുന്നുകൾക്ക് ലൈസൻസ് നൽകാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടു സജ്ജമാക്കിയ ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിങ് സിസ്റ്റത്തിൽ (ഒഎൻഡിഎൽഎസ്) ഇതുവരെ 18 സംസ്ഥാന ഡ്രഗ് കൺട്രോൾ അഥോറിറ്റികൾ മാത്രമാണ് അംഗത്വം നേടിയതെന്നും കേന്ദ്രം.
അതിനിടെ, മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പിന്‍റെ നിർമാതാക്കളായ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ ഉടമ ജി. രംഗനാഥനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇന്നലെ പുലർച്ചെ ചെന്നൈയിൽ നിന്നു തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ശ്രീശൻ ഫാർമയിലെ പരിശോധനയിൽ വീഴ്ച വരുത്തിയതിന് രണ്ടു മുതിർന്ന ഡ്രഗ് ഇൻസ്പെക്റ്റർമാരെ തമിഴ്നാട് സർക്കാർ സസ്പെൻഡ് ചെയ്തു.
ഇതിനിടെ, മൂന്നു കഫ് സിറപ്പുകളാണു വിപണിയിൽ നിന്നു തിരികെവിളിച്ചതും നിർമാണം നിർത്തിവച്ചതുമെന്നു സിഡിഎസ്‌സിഒ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. കോൾഡ്രിഫ്, റെസ്പിഫ്രെഷ് ടിആർ, റീലൈഫ് എന്നിവയാണവ. ഈ കഫ്സിറപ്പുകൾ ഒരു വിദേശരാജ്യത്തേക്കും കയറ്റുമതി ചെയ്തിട്ടില്ലെന്നും സിഡിഎസ്‌സിഒ. കുട്ടികളുടെ കൂട്ടമരണത്തെത്തുടർന്ന് ഡബ്ല്യുഎച്ച്ഒ കേന്ദ്ര സർക്കാരിനോട് ചുമമരുന്നുകളുടെ വിശദാംശങ്ങൾ തേടിയിരുന്നു.